ലോകകപ്പിന് ശേഷം ദേശീയ ടീമിനോട് വിടപറയും; ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് സഹോദരിയുടെ വെളിപ്പെടുത്തൽ

ലിസ്ബൺ: 2026 ഫിഫ ലോകകപ്പിന് ശേഷം പോർച്ചുഗൽ ദേശീയ ടീമിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കുമെന്ന് സഹോദരി കാറ്റിയ അവെയ്‌റോ വെളിപ്പെടുത്തി. ലോകകപ്പിനിടെ പോർച്ചുഗീസ് മാധ്യമത്തോടാണ് കാറ്റിയ ഇക്കാര്യം പറഞ്ഞത്.

“ഇത് ക്രിസ്റ്റ്യാനോയുടെ അവസാന നൃത്തമാണ്. ദേശീയ ടീമിനൊപ്പമുള്ള അവസാന ലോകകപ്പാണിത്. അതുകൊണ്ട് ഓരോ നിമിഷവും ആസ്വദിക്കണം,” എന്നാണ് കാറ്റിയ പറഞ്ഞത്. എന്നാൽ ദേശീയ ടീമിൽ നിന്നുള്ള വിരമിക്കൽ സംബന്ധിച്ച് റൊണാൾഡോ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

41-ാം വയസ്സിലും പോർച്ചുഗലിനായി മികച്ച പ്രകടനം തുടരുന്ന റൊണാൾഡോ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ പെനാൽറ്റിയിലൂടെ ഗോൾ നേടിയിരുന്നു. ആ വിജയത്തോടെ പോർച്ചുഗൽ പ്രീക്വാർട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്.

2003-ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ പോർച്ചുഗലിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുകയും ഏറ്റവും കൂടുതൽ ഗോളുകൾ നേടുകയും ചെയ്ത താരമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പോർച്ചുഗൽ യൂറോ കപ്പും രണ്ട് നേഷൻസ് ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *