ന്യൂഡൽഹി: ഇന്ത്യയിൽ അടുത്ത പത്ത് വർഷത്തിനിടെ 10 ട്രില്യൺ യെൻ (ഏകദേശം 61 ബില്യൺ ഡോളർ) നിക്ഷേപിക്കുമെന്ന പ്രതിബദ്ധത ജപ്പാൻ വീണ്ടും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉച്ചകോടി ചർച്ചകൾക്കുശേഷം ജപ്പാൻ പ്രധാനമന്ത്രി സനെ ടകൈച്ചിയാണ് പ്രഖ്യാപനം നടത്തിയത്. AI, സെമികണ്ടക്ടർ, ഊർജം, അടിസ്ഥാനസൗകര്യ വികസനം, നിർണായക ധാതുക്കൾ, പ്രതിരോധ സഹകരണം തുടങ്ങിയ മേഖലകളിൽ നിക്ഷേപവും സഹകരണവും വിപുലീകരിക്കാനാണ് തീരുമാനം.
ഇരു രാജ്യങ്ങളും സാമ്പത്തിക സുരക്ഷ, ഊർജ സുരക്ഷ, കൃത്രിമ ബുദ്ധി എന്നിവയുമായി ബന്ധപ്പെട്ട സഹകരണത്തിന് മൂന്ന് പ്രധാന കരാറുകളിൽ ഒപ്പുവച്ചു. നിർണായക സപ്ലൈ ചെയിനുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സാങ്കേതികവിദ്യാ സഹകരണം വർധിപ്പിക്കുന്നതിനും ധാരണയായി. കൂടാതെ പ്രതിരോധ ഉപകരണങ്ങളുടെ സംയുക്ത വികസനവുമായി ബന്ധപ്പെട്ട ആദ്യ ഉഭയകക്ഷി കരാറിലും ഒപ്പുവെച്ചു.
മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽപാത ഉൾപ്പെടെ ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളിൽ ജപ്പാൻ പ്രധാന നിക്ഷേപകരിലൊന്നാണ്. കഴിഞ്ഞ വർഷം ടോക്കിയോയിൽ നടന്ന ഉച്ചകോടിയിൽ പ്രഖ്യാപിച്ച നിക്ഷേപലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികളെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.

