ഏഥൻസ്: വിഷാംശമുള്ളതും മൂർച്ചയേറിയ പല്ലുകളുള്ളതുമായ സിൽവർ-ചീക്ക്ഡ് ടോഡ്ഫിഷ് (Silver-cheeked toadfish) ഗ്രീക്ക് തീരക്കടലിൽ വ്യാപകമായി പടരുന്നതിനെ തുടർന്ന് അധികൃതർ ജാഗ്രത ശക്തമാക്കി. മത്സ്യബന്ധന വലകൾ നശിപ്പിക്കുകയും മത്സ്യസമ്പത്തിന് ഭീഷണിയാവുകയും ചെയ്യുന്ന ഈ അധിനിവേശ മത്സ്യത്തെ പിടികൂടാൻ ഗ്രീക്ക് സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക പ്രോത്സാഹന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യൻ, പസഫിക് സമുദ്രങ്ങളാണ് ഈ മത്സ്യത്തിന്റെ സ്വാഭാവിക ആവാസകേന്ദ്രം. സൂയസ് കനാൽ വഴിയാണ് ഇവ മെഡിറ്ററേനിയൻ കടലിലെത്തിയതെന്നും സമുദ്രജലത്തിന്റെ താപനില ഉയരുന്നതാണ് വ്യാപനം വർധിക്കാൻ കാരണമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ. മത്സ്യത്തിന്റെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ശക്തമായ ന്യൂറോടോക്സിൻ മനുഷ്യർ ഭക്ഷിച്ചാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും വരെ കാരണമാകാം.
ഗ്രീക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കടൽത്തീരങ്ങളിൽ ഇവയെ കണ്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ വിനോദസഞ്ചാരികൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. അതേസമയം മത്സ്യത്തൊഴിലാളികൾ ഈ മത്സ്യത്തെ കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ഗ്രീക്ക് റെഡ് ക്രോസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

