ബസിന്റെ വാതിൽ തുറന്നിട്ട് സർവീസ്; കന്യാസ്ത്രീ വീണു മരിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ കേസ്; ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി

കോതമംഗലം: സ്വകാര്യ ബസിന്റെ വാതിൽ അടയ്ക്കാതിരുന്നതിനെ തുടർന്ന് തെറിച്ചുവീണ് കന്യാസ്ത്രീ മരിക്കാനിടയായ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും പൊലീസും ശക്തമായ നടപടികളിലേക്ക്. കോതമംഗലം-വാരപ്പെട്ടി-വാഴക്കുളം റൂട്ടിലോടുന്ന ‘റെജിമോൻ’ ബസിൽ നിന്നും വീണ് സിസ്റ്റർ ഹൈസ്ലറ്റ് മരണപ്പെട്ട പശ്ചാത്തലത്തിൽ, ബസ് ജീവനക്കാർക്കെതിരെ കോതമംഗലം പൊലീസ് കേസെടുക്കുകയും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ അപകട സമയത്ത് ബസിനുള്ളിലെ സിസിടിവി ക്യാമറ പ്രവർത്തിക്കാതിരുന്നതും കർശന നടപടിക്ക് കാരണമാകും.

നിയമം ലംഘിച്ച് വാതിൽ തുറന്നിട്ട് സർവീസ് നടത്തുന്ന ബസുകൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം നടപടികൾ വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം അധികൃതർ കാണിക്കുന്ന വെറും കൺകെട്ട് വിദ്യകൾ മാത്രമാണെന്നാണ് യാത്രക്കാരുടെ ആക്ഷേപം. നിയമലംഘനങ്ങൾക്കെതിരെ അപകടങ്ങൾ ഉണ്ടാകുന്നതുവരെ കാത്തിരിക്കാതെ, വരും ദിവസങ്ങളിലും തുടർച്ചയായ പരിശോധനകളും കർശന ശിക്ഷാനടപടികളുമാണ് ഉണ്ടാകേണ്ടതെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *