കുമളി: പൊതുസ്ഥലങ്ങളിലേക്കും പൊതുതോടുകളിലേക്കും അനധികൃതമായി മലിനജലം ഒഴുക്കിവിടുന്ന പൈപ്പുകൾ അടച്ചുപൂട്ടുന്നതിനുള്ള കർശന നടപടികൾ കുമളി ഗ്രാമപഞ്ചായത്ത് ആരംഭിച്ചു. പരിസര മലിനീകരണവും പകർച്ചവ്യാധി ഭീഷണിയും വർദ്ധിച്ച സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണസമിതിയുടെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ കർശന പരിശോധനയും നടപടികളും തുടങ്ങിയത്.
പൊതു ഓടകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും തുറന്നുവിട്ടിരിക്കുന്ന മലിനജല പൈപ്പുകൾ സ്ക്വാഡുകളുടെ നേതൃത്വത്തിൽ കണ്ടെത്തി ഉടനടി അടച്ചുപൂട്ടുകയാണ്. മലിനജല ശുദ്ധീകരണ സംവിധാനങ്ങൾ (STP) ഇല്ലാത്ത ഹോട്ടലുകൾ, ഹോംസ്റ്റേകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകും. നിയമലംഘനം നടത്തുന്നവരിൽ നിന്നും കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം ഭീമമായ തുക പിഴയായി ഈടാക്കാനും ലൈസൻസ് റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. മലിനജലം രാത്രികാലങ്ങളിൽ ഒഴുക്കിവിടുന്നത് തടയാൻ പ്രത്യേക നൈറ്റ് സ്ക്വാഡുകളെ നിയോഗിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം പ്രവണതകൾക്കെതിരെ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. വീടുകളും സ്ഥാപനങ്ങളും സ്വന്തം നിലയ്ക്ക് സോക് പിറ്റുകളോ സംസ്കരണ സംവിധാനങ്ങളോ നിർമ്മിച്ച് മലിനജലം ശാസ്ത്രീയമായി സംസ്കരിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

