ആറന്മുള വള്ളസദ്യ; ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുമെന്ന് അബിൻ വർക്കി എംഎൽഎ

പത്തനംതിട്ട: ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേള എന്നിവയുമായി ബന്ധപ്പെട്ടുള്ള ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് അബിൻ വർക്കി എംഎൽഎ അറിയിച്ചു. ഏറെ ആകർഷകവും ചരിത്രപ്രസിദ്ധവുമായ ആറന്മുള വള്ളസദ്യയ്ക്കായി ടൂറിസം വകുപ്പുമായി ചേർന്ന് പ്രത്യേക ലോഗോ തയ്യാറാക്കും. വിനോദസഞ്ചാരികൾക്കായി ഇൻഫർമേഷൻ ഹെൽപ് ഡെസ്‌ക് ഒരുക്കുമെന്നും വള്ളസദ്യയ്ക്ക് മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു. വള്ളസദ്യ, ഉതൃട്ടാതി ജലമേള എന്നിവയുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വള്ളസദ്യയുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തകർ കൂടുതൽ ജാഗ്രത പുലർത്തണം. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയോഗിക്കും. വള്ളസദ്യയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവർക്കും ഹെൽത്ത് കാർഡ് നൽകും. മെഡിക്കൽ ടീമും ആംബുലൻസ് സൗകര്യവും മുഴുവൻ സമയവും ഉറപ്പാക്കാൻ യോഗത്തിൽ തീരുമാനമായി.

സുരക്ഷയ്ക്കായി യൂണിഫോമിലുള്ള പൊലീസുകാർക്ക് പുറമെ മഫ്തിയിലും വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരെയും വിന്യസിക്കും. ഡ്രോൺ നിരീക്ഷണം, സിസിടിവി എന്നിവ ഏർപ്പെടുത്തും. ജലമേളയുമായി ബന്ധപ്പെട്ട് ആറന്മുള, തോട്ടപ്പുഴശേരി ഭാഗങ്ങളിൽ ഗാലറിയും ബാരിക്കേഡുകളും സ്ഥാപിക്കും. മഫ്തിയിലും അല്ലാതെയും എക്സൈസ് ഉദ്യോഗസ്ഥരുടെ സേവനമുണ്ടാകും. കോഴഞ്ചേരി പുതിയ പാലത്തിന് താഴെ പമ്പാ നദിയിൽ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന വസ്തുക്കൾ അടിയന്തരമായി നീക്കം ചെയ്യാൻ എംഎൽഎ നിർദ്ദേശം നൽകി.

എഡിഎമ്മിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്ത കൺട്രോൾ റൂം ആരംഭിക്കും. ഇതിനായി ഓരോ വകുപ്പുകളിൽ നിന്നും നോഡൽ ഓഫീസർമാരെ നിയമിക്കും. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറെ കോർഡിനേറ്ററായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

തിരുവാറന്മുള ശ്രീ പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാടുകൾ ജൂലൈ 19 മുതൽ സെപ്റ്റംബർ 16 വരെയാണ് നടക്കുക. ഉതൃട്ടാതി ജലമേള ഓഗസ്റ്റ് 30-നും അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ നാലിനും നടക്കും.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ, ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ്, സബ് കളക്ടർ സുമിത് കുമാർ താക്കൂർ, എഡിഎം ആർ. രാജലക്ഷ്മി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ബീന എസ്. ഹനീഫ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *