ലഹരിക്കെതിരെ പെരുമ്പാവൂരിൽ ജനസാഗരം; ഓപ്പറേഷൻ തൂഫാൻ റാലിക്ക് നേതൃത്വം നൽകി രമേശ് ചെന്നിത്തല

പെരുമ്പാവൂർ: സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പെരുമ്പാവൂരിൽ കൂറ്റൻ റാലിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നതിന്റെ ഭാഗമായാണ് അദ്ദേഹം പെരുമ്പാവൂരിൽ എത്തിയത്. കോരിച്ചൊരിയുന്ന കനത്ത മഴയെ വകവെക്കാതെയായിരുന്നു ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിലുള്ള റാലി. ഡിജിപി, ജനപ്രതിനിധികൾ, സ്കൂൾ വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ, വ്യാപാര സംഘടനകൾ അടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേർ റാലിയിൽ അണിനിരന്നു.

അന്യസംസ്ഥാന തൊഴിലാളികൾ ഏറ്റവും കൂടുതൽ അധിവസിക്കുന്ന കൊച്ചിയിലെ പെരുമ്പാവൂർ മേഖലയിൽ നിന്നാണ് ഈ ലഹരിവിരുദ്ധ പോരാട്ടത്തിന്റെ തുടക്കം. നേരത്തെ ഈ പ്രദേശത്ത് നിന്ന് കിലോക്കണക്കിന് കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കൾ പിടികൂടിയിരുന്നു. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചെത്തിയ ജന പങ്കാളിത്തം ‘ഓപ്പറേഷൻ തൂഫാൻ’ എത്രത്തോളം അനിവാര്യമാണെന്ന് വ്യക്തമാക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പെരുമ്പാവൂരിലെ സുരക്ഷയിലും വളർച്ചയിലും സംസ്ഥാന സർക്കാരിനും ആഭ്യന്തര വകുപ്പിനും പ്രത്യേക ശ്രദ്ധയുള്ളത് കൊണ്ടാണ് ‘തൂഫാൻ ജാഗരൺ’ ഇവിടെ നിന്ന് ആരംഭിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“നരൻ സിനിമയിൽ കുത്തിയൊഴുകുന്ന പുഴയിലൂടെ വരുന്ന മരങ്ങൾ സാഹസികമായി കരയ്ക്കടുപ്പിക്കുന്ന മോഹൻലാലിനെ കാണുമ്പോൾ ഞാൻ പെരുമ്പാവൂരിനെയാണ് ഓർക്കുന്നത്. ഓപ്പറേഷൻ തൂഫാന്റെ ആദ്യത്തെ ‘തൂഫാൻ വാര്യർ’ മോഹൻലാൽ ആണ്. കരുത്തരും സാഹസികരുമായ മനുഷ്യരുടെ ചരിത്രമാണ് പെരുമ്പാവൂരിനുള്ളത്. ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള നിരവധി മഹത് വ്യക്തികളെക്കൊണ്ട് സമ്പന്നമാണ് ഈ നാട്. ഏഷ്യയിലെത്തന്നെ പ്ലൈവുഡ് ക്യാപിറ്റൽ എന്ന പ്രശസ്തിക്ക് പകരം ലഹരിയുടെ കേന്ദ്രമെന്ന കുപ്രസിദ്ധിയിൽ നിന്നുള്ള മോചനമാണ് ലക്ഷ്യമിടുന്നത്. പോലീസ് മാത്രം വിചാരിച്ചാൽ ഇത് നടപ്പിലാക്കാനാകില്ല, ജനങ്ങളുടെ പൂർണ്ണ സഹകരണം വേണം”- ചെന്നിത്തല അഭ്യർത്ഥിച്ചു.

തൂഫാൻ ആഞ്ഞടിച്ചതോടെ സംസ്ഥാനത്താകെ ഇതുവരെ 5260 കേസുകളിലായി 5634 അറസ്റ്റുകൾ നടന്നിട്ടുണ്ട്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇതുപോലെ മയക്കുമരുന്നിനെതിരേയുള്ള പോരാട്ടം നടന്നിട്ടില്ലെന്നും ലഹരിക്കടിമകളായ ആളുകളെ ആശുപത്രികളിൽ ചികിത്സയ്ക്ക് വിധേയമാക്കി സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നത് തടയാൻ അയൽസംസ്ഥാനങ്ങളുമായി ചേർന്ന് വിപുലമായ പദ്ധതി തയ്യാറാക്കുന്നുണ്ട്. തമിഴ്നാട്, കർണാടക, തെലങ്കാന, പോണ്ടിച്ചേരി അടക്കമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് വി.ഡി. സതീശൻ കത്തയച്ചിട്ടുണ്ടെന്നും ഈ മാസം 10-ാം തീയതി ഈ സംസ്ഥാനങ്ങളിലെ എല്ലാ ഡിജിപിമാരും പങ്കെടുക്കുന്ന ഉന്നതതല യോഗം ചേരുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *