കൊട്ടാരക്കര: കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള സർക്കാരിന്റെ ധനസഹായം കൊടിക്കുന്നിൽ സുരേഷ് എം.പി., ജില്ലാ കളക്ടർ ആനി ജൂലാ തോമസ് എന്നിവർ ചേർന്ന് കൈമാറി. മരിച്ചവരുടെ വീടുകൾ സന്ദർശിച്ചാണ് ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിച്ച അഞ്ച് ലക്ഷം രൂപ വീതമുള്ള ധനസഹായം കൈമാറിയത്.
അപകടത്തിൽ ജീവൻ നഷ്ടമായ കെ.എസ്.ആർ.ടി.സി. ജീവനക്കാരനും നെടുവത്തൂർ സ്വദേശിയുമായ അജയകുമാർ (45), കടലാവിള കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ പാർത്ഥിപ് (15), ഒടുവട്ടൂർ സ്വദേശി ഹരിലാൽ (54) എന്നിവരുടെ കുടുംബങ്ങൾക്കാണ് സമാശ്വാസ ധനസഹായം ലഭിച്ചത്.
അപകടങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ടിപ്പർ ലോറികളുടെ പരിശോധന, സമയനിയന്ത്രണം, ലോഡ് കയറ്റുന്നതിനുള്ള പരിധി എന്നിവ വരും ദിവസങ്ങളിൽ കൂടുതൽ കർഷനമായി നടപ്പാക്കുമെന്ന് ജില്ലാ കളക്ടർ ആനി ജൂലാ തോമസ് അറിയിച്ചു. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

