കാൻബറ: ഓസ്ട്രേലിയയിൽ വി.എഫ്.എസ്. ഗ്ലോബൽ വഴിയുള്ള വിസ, പാസ്പോർട്ട് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതുമൂലം പ്രവാസികൾ നേരിടുന്ന കടുത്ത പ്രതിസന്ധിക്ക് പരിഹാരമായി ഇടക്കാല സംവിധാനങ്ങൾ ഒരുക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എറണാകുളം എം.പി. ഹൈബി ഈഡൻ അയച്ച കത്തിന് നൽകിയ മറുപടിയിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹി ഹൈക്കോടതിയിലെ നിയമനടപടികൾ കാരണം സേവനങ്ങൾ തടസ്സപ്പെട്ട സാഹചര്യത്തിൽ, അടിയന്തര ആവശ്യങ്ങളുള്ളവർക്ക് കോൺസുലേറ്റുകൾ വഴി നേരിട്ട് ഇടക്കാല സംവിധാനങ്ങൾ ഒരുക്കുന്നത് പരിഗണിക്കുമെന്നും നിയമപരമായ തടസ്സങ്ങൾ വേഗത്തിൽ നീക്കാൻ കേന്ദ്രസർക്കാർ മുൻകൈയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
പുതിയ ഔട്ട്സോഴ്സിങ് കരാറുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിലുള്ള നിയമനടപടികളാണ് അപ്രതീക്ഷിതമായ ഈ പ്രതിസന്ധിക്ക് കാരണം. വി.എഫ്.എസ്. ഗ്ലോബലിന്റെ മുൻ കരാർ ജൂൺ 30-ന് അവസാനിച്ചതാണ് അനിശ്ചിതത്വത്തിന് തുടക്കമിട്ടത്. പുതിയ ടെൻഡർ പ്രക്രിയയിൽ വി.എഫ്.എസ്. ഗ്ലോബലിനെ തന്നെ വീണ്ടും തിരഞ്ഞെടുത്തിരുന്നെങ്കിലും, ഹൈക്കോടതിയിലെ ചില നിയമ വെല്ലുവിളികളും ഇടക്കാല ഉത്തരവുകളും കാരണം പുതിയ ക്രമീകരണങ്ങൾ നടപ്പാക്കാൻ കഴിഞ്ഞില്ല. ഇതിന്റെ ഫലമായാണ് ജൂലൈ 1 മുതൽ ഓസ്ട്രേലിയയിലുടനീളം വി.എഫ്.എസ്. ഗ്ലോബൽ വഴിയുള്ള പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് പൂർണമായും നിർത്തിവച്ചത്.
ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജർ നേരിടുന്ന ഈ വലിയ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡൻ എം.പി. വിദേശകാര്യ മന്ത്രിക്ക് ജൂലൈ 2-ന് കത്തയച്ചത്. കോടതിയിൽ ഈ വിഷയത്തിൽ അടിയന്തര ഹിയറിങ് നടത്താൻ സർക്കാർ ഇടപെടണമെന്നും അതുവരെ പാസ്പോർട്ട്, വിസ, ഒ.സി.ഐ. എന്നിവ അടിയന്തരമായി ആവശ്യമുള്ളവർക്കായി കോൺസുലേറ്റുകൾ വഴി ഇടക്കാല സംവിധാനങ്ങൾ ഉടൻ ഒരുക്കണമെന്നും എം.പി. കത്തിൽ അഭ്യർത്ഥിച്ചിരുന്നു.
സ്കൂൾ അവധിക്കാലവും യാത്രകളും ആരംഭിക്കുന്ന ജൂലൈ മാസത്തിൽ തന്നെയുണ്ടായ ഈ തീരുമാനം മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ തിരിച്ചടിയാണ്. അടിയന്തര യാത്രകൾ, തൊഴിൽ, വിദ്യാഭ്യാസം എന്നിവയ്ക്കായി പാസ്പോർട്ട് പുതുക്കേണ്ടവർ നിലവിൽ കടുത്ത ബുദ്ധിമുട്ടിലാണ്. കൂടാതെ ടൂറിസം, ബിസിനസ്, മെഡിക്കൽ, ഫാമിലി വിസിറ്റ് ആവശ്യങ്ങൾക്കുള്ള ഇന്ത്യൻ വിസ അപേക്ഷകളും ഒ.സി.ഐ. പുതുക്കൽ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങളും ഇതോടൊപ്പം നിർത്തിവച്ചിരിക്കുകയാണ്. സിഡ്നി, മെൽബൺ, പെർത്ത്, ബ്രിസ്ബേൻ, അഡലെയ്ഡ് തുടങ്ങിയ നഗരങ്ങളിൽ ഈ മാസത്തേക്ക് നേരത്തെ എടുത്ത അപ്പോയിന്റ്മെന്റുകൾ ഇതേത്തുടർന്ന് റദ്ദാക്കപ്പെട്ടു.
അടിയന്തര സാഹചര്യങ്ങളിൽ വിസയോ പാസ്പോർട്ടോ ആവശ്യമുള്ളവർ വി.എഫ്.എസ്.-ന് പകരം ഇന്ത്യൻ ഹൈക്കമ്മീഷനെയോ ബന്ധപ്പെട്ട കോൺസുലേറ്റുകളെയോ നേരിട്ട് സമീപിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. പുതിയ വിവരങ്ങൾക്കായി വി.എഫ്.എസ്. ഗ്ലോബൽ ഓസ്ട്രേലിയ, ഇന്ത്യൻ ഹൈക്കമ്മീഷൻ എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ പരിശോധിക്കണം. മുൻപ് സമർപ്പിച്ച, പ്രോസസ്സിങ്ങിലുള്ള അപേക്ഷകൾ നിലവിൽ പെൻഡിങ് ആയി തുടരുമെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായി തയ്യാറായ പാസ്പോർട്ടുകൾ തിരികെ ലഭിക്കുന്നതിന് നിലവിൽ തടസ്സങ്ങളില്ല.

