ഗോൾഡ് കോസ്റ്റ്: ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലെ വനമേഖലയിൽ യുവ മജീഷ്യൻ ഡാനിയൽ ഹിഡനെ (26) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി അമ്മ ഫറോനാക് രംഗത്ത്. പാറക്കെട്ടുകൾ കയറുന്നതിനിടെ താഴേക്ക് വീണാണ് ഡാനിയേലിന് പരിക്കേറ്റത്. വീഴ്ചയിൽ ഇടുപ്പെല്ല് പൊട്ടിയതിനാൽ ഡാനിയേലിന് അവിടെനിന്ന് അനങ്ങാൻ സാധിച്ചില്ലെന്നും തുടർന്ന് കടുത്ത തണുപ്പ് കാരണം ‘ഹൈപ്പോതെർമിയ’ ബാധിച്ചാണ് മരണം സംഭവിച്ചതെന്നും മകന്റെ വേർപാടിന് ശേഷം ആദ്യമായി പരസ്യമായി പ്രതികരിച്ച ഫറോനാക് പറഞ്ഞു.
ആളൊഴിഞ്ഞതും കണ്ടെത്താൻ പ്രയാസമുള്ളതുമായ സ്ഥലത്തായിരുന്നതിനാലാണ് അപകടത്തിൽപ്പെട്ട ഉടനെ ആർക്കും ഡാനിയലിനെ കണ്ടെത്താൻ കഴിയാതെ പോയത്. ജൂൺ 14ന് ഗോൾഡ് കോസ്റ്റ് ഹിന്റർലാൻഡിലേക്ക് പോയ ഡാനിയലിനെ കാണാതായതിനെ തുടർന്ന് പൊലീസ്, സ്റ്റേറ്റ് എമർജൻസി സർവീസ് സന്നദ്ധപ്രവർത്തകർ, ഓസ്ട്രേലിയൻ പ്രതിരോധ സേന എന്നിവരുടെ നേതൃത്വത്തിൽ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. പത്ത് ദിവസങ്ങൾക്കു ശേഷമാണ് വനമേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. തിരച്ചിൽ പുരോഗമിക്കുന്ന മുഴുവൻ സമയവും ഡാനിയലിന്റെ കാരവനു സമീപം കുടുംബം പ്രതീക്ഷയോടെ കാത്തുനിന്നിരുന്നു.
പ്രകൃതിയിലേക്കുള്ള യാത്രകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുന്ന പതിവ് ഡാനിയലിനുണ്ടായിരുന്നുവെന്നും യാത്രതിരിക്കുമ്പോൾ ഫോൺ കാരവനിൽ തന്നെ ഉപേക്ഷിച്ചിരുന്നുവെന്നും ഫറോനാക് പറഞ്ഞു. അപകടം നടന്ന പ്രദേശത്ത് മൊബൈൽ ഫോൺ നെറ്റ്‌വർക്ക് ലഭ്യമായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഡാനിയലിന്റെ പരിക്കുകൾ അപകടത്തിൽപ്പെട്ടതിനെ തുടർന്നുണ്ടായതാണെന്നും മരണത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നും കുടുംബം വ്യക്തമാക്കി.
ഇറാനിൽ ബാല്യകാലം ചെലവഴിച്ചിരുന്ന ഡാനിയലിന് കൗഗൽ കാസ്കേഡ്സ് പ്രദേശം ഏറെ പ്രിയപ്പെട്ടതായിരുന്നു. ഇറാനിലെ മൗണ്ട് തോച്ചാലിനെ അനുസ്മരിപ്പിക്കുന്ന വെള്ളച്ചാട്ടം അവിടെ കണ്ടെത്തിയതോടെയാണ് ഡാനിയൽ ഈ സ്ഥലം പതിവായി സന്ദർശിക്കാൻ തുടങ്ങിയത്. മാജിക് പ്രകടനങ്ങൾക്കും പുതിയ ആശയങ്ങൾക്കുമായി ഏകാന്തമായി സമയം ചെലവഴിക്കാൻ ഡാനിയൽ ഈ പ്രദേശം തിരഞ്ഞെടുക്കാറുണ്ടായിരുന്നുവെന്നും അമ്മ ഓർമ്മിച്ചു.

