ന്യൂഡൽഹി: സാമൂഹിക പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കരണ പ്രവർത്തകനുമായ സോനം വാങ്ചുക്കിന്റെ ആരോഗ്യനില മോശമാകുന്നതായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) അറിയിച്ചു. ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വാങ്ചുക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്ക ഉയർന്നത്.
സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ, വാങ്ചുക്കിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 60 ആയി കുറഞ്ഞതായും രക്തസമ്മർദവും താഴ്ന്ന നിലയിലാണെന്നും അറിയിച്ചു. ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും ആവശ്യമായ ചികിത്സാ നിരീക്ഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരീക്ഷാ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്കാരങ്ങൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ജന്തർ മന്തറിൽ പ്രതിഷേധം തുടരുന്നത്. വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിഷേധസംഘാടകർ ആവശ്യപ്പെട്ടു.

