നെല്ലിയാമ്പതി ചുരത്തിൽ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടർ

പാലക്കാട്: ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിലും നെല്ലിയാമ്പതി ചുരം റോഡിൽ കനത്ത പാറവീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത നിലനിൽക്കുന്നതിനാലും മുൻകരുതൽ നടപടിയുമായി ജില്ലാ ഭരണകൂടം. പൊതുജന സുരക്ഷ മുൻനിർത്തി ചുരം റോഡിൽ കർശന യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ കെ. സുധീർ ഉത്തരവിറക്കി.

നിലവിൽ ചുരം റോഡിലെ മണ്ണിടിച്ചിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും, വീണ്ടും അപകടമുണ്ടാകാനുള്ള സാധ്യത മുൻനിർത്തിയാണ് നടപടി. പുതിയ ഉത്തരവ് അനുസരിച്ച് നെല്ലിയാമ്പതി പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലെ യാത്രകൾ ഒഴികെ, പുറത്തുനിന്നുള്ളവർക്ക് ചുരത്തിലൂടെയുള്ള പ്രവേശനം പൂർണ്ണമായും നിരോധിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വിനോദസഞ്ചാര ആവശ്യങ്ങൾക്കായുള്ള എല്ലാവിധ യാത്രകളും, ചുരം വഴിയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതവും കർശനമായി നിരോധിച്ചിട്ടുണ്ട്.

പ്രദേശവാസികളുടെ അത്യാവശ്യ യാത്രകൾക്കും അടിയന്തര വൈദ്യസഹായ ആവശ്യങ്ങൾക്കുമുള്ള വാഹനങ്ങൾക്കൊഴികെ മറ്റെല്ലാ വാഹനങ്ങൾക്കും വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണിവരെ രാത്രികാല യാത്രാ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *