ഡാളസ്: ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 32) പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ഈജിപ്ത് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി (1-1) സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനാണ് ഈജിപ്ത് വിജയം പിടിച്ചെടുത്തത്.
മത്സരത്തിന്റെ 13-ാം മിനിറ്റിൽ എമാം അഷൂറിലൂടെ ഈജിപ്താണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 55-ാം മിനിറ്റിൽ ഈജിപ്ത് താരം മുഹമ്മദ് ഹാനിയുടെ പക്കൽ നിന്നുണ്ടായ ഓൺഗോൾ ഓസ്‌ട്രേലിയയ്ക്ക് സമനില സമ്മാനിച്ചു. നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റുകളിൽ ഈജിപ്തിന്റെ റാമി റാബിയയുടെ ഹെഡർ ഓസ്‌ട്രേലിയൻ ഗോൾകീപ്പർ പാട്രിക് ബീച്ച് മികച്ചൊരു സേവിലൂടെ തടഞ്ഞതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്.
അധികസമയത്തിന്റെ അവസാന മിനിറ്റിൽ ഈജിപ്ഷ്യൻ പെനാൽറ്റി ബോക്സിനുള്ളിലേക്ക് വന്ന പന്ത് സ്ട്രൈക്കർ ഹംസ അബ്ദുൽ കരീമിന്റെ കയ്യിൽ തട്ടിയതിനെ ചൊല്ലി വലിയ തർക്കങ്ങൾ ഉടലെടുത്തു. ഓസ്‌ട്രേലിയൻ താരങ്ങൾ പെനാൽറ്റിക്കായി ശക്തമായി വാദിച്ചെങ്കിലും ഉറുഗ്വേക്കാരനായ റഫറി ഗുസ്റ്റാവോ ടെജേര അനുകൂലമായ തീരുമാനം എടുത്തില്ല. തുടർന്ന് വി.എ.ആർ പരിശോധനയും ഉണ്ടായില്ല എന്നത് വലിയ തോതിൽ ചർച്ചയായി മാറിയിട്ടുണ്ട്. ഒന്നാം പകുതിയിൽ ഈജിപ്തിന്റെ റാമി റാബിയയുടെ കടുത്ത ഫൗളിനിരയായി ഓസ്‌ട്രേലിയൻ മധ്യനിര താരം ജോർഡി ബോസിന് പരിക്കേറ്റ് കളം വിടേണ്ടി വന്നിരുന്നു. ഈ ഫൗളിനെതിരെയും റഫറി നടപടിയെടുത്തിരുന്നില്ല.
തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ഈജിപ്ത് എടുത്ത എല്ലാ കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു. മുഹമ്മദ് സലായുടെ പാനെങ്ക കിക്ക് ഇതിൽ ശ്രദ്ധേയമായി.ഓസ്‌ട്രേലിയൻ നിരയിൽ ഹാരി സൗട്ടർ, ലൂക്കാസ് ഹെറിംഗ്ടൺ എന്നിവരുടെ കിക്ക് പാഴായതോടെ സോക്കറൂസിന്റെ ലോകകപ്പ് മോഹങ്ങൾ അവസാനിക്കു കയായിരുന്നു. ജയത്തോടെ ഈജിപ്ത് അടുത്ത റൗണ്ടിൽ നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരെ നേരിടും.

