മെൽബൺ: ത്രിരാഷ്ട സന്ദര്‍ശനത്തിന്റെ ഭാഗമായി മെൽബണിലെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, മൂന്നാമത് ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. ജൂലൈ 8 മുതൽ 10 വരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസിന്റെ ക്ഷണപ്രകാരം മെൽബൺ സന്ദർശിക്കുന്നത്. 2020-ലെ കോംപ്രിഹെൻസീവ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കരാറിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിൽ രൂപീകരിച്ച ഏറ്റവും ഉയർന്ന ഭരണതല സംവിധാനമാണിത്. മുൻപ് നടന്ന പ്രതിരോധം, വിദേശകാര്യം, വ്യാപാരം എന്നീ മേഖലകളിലെ മന്ത്രിതല ചർച്ചകളുടെ തുടർച്ചയായാണ് ഈ നിർണ്ണായക ഉച്ചകോടി സംഘടിപ്പിക്കപ്പെടുന്നത്.
ഉച്ചകോടിയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസുമായി ഇന്ത്യൻ പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി നിർണ്ണായക ധാതുക്കൾ, സൈബർ സുരക്ഷ, വിതരണ ശൃംഖലകളുടെ സുരക്ഷിതത്വം ആധുനിക സാങ്കേതികവിദ്യകൾ തുടങ്ങിയ വളർന്നുവരുന്ന വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്യും. പ്രാദേശിക സുരക്ഷയും സാമ്പത്തിക പുരോഗതിയും മുൻനിർത്തിയുള്ള ശക്തമായ തീരുമാനങ്ങൾ ഈ ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നത്.

