ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; അന്വേഷണം ശക്തമാക്കി ഫെഡറൽ പോലീസ്

മെൽബൺ: വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ഓൺലൈനിലൂടെ വധഭീഷണി. ജൂലൈ എട്ടിന് അദ്ദേഹം ഓസ്‌ട്രേലിയയിലെ മെൽബണിൽ സന്ദർശനം നടത്താനിരിക്കെയാണ് സമൂഹമാധ്യമത്തിലൂടെ ഭീഷണി സന്ദേശം എത്തിയതെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ഓസ്‌ട്രേലിയൻ ഭരണകൂടം കാണുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

മെൽബണിലെ ഇന്ത്യൻ വംശജർ ഒത്തുചേർന്ന് സംഘടിപ്പിക്കുന്ന ‘മെൽബൺ മീറ്റ്‌സ് മോദി’ എന്ന വൻ ജനകീയ സ്വീകരണ പരിപാടിയുമായി ബന്ധപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്.“ഓസ്‌ട്രേലിയയിൽ വന്നാൽ മരണമായിരിക്കും ഫലം” എന്നായിരുന്നു കമന്റിലൂടെയുള്ള ഭീഷണി. കൂടാതെ, പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കുന്ന സ്റ്റേഡിയം മുൻകൂട്ടി അടച്ചിടുന്നതാണ് നല്ലതെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഭീഷണി സന്ദേശം അയച്ചയാളുടെ ഐ.പി (IP) അഡ്രസ് ഫെഡറൽ പോലീസ് ഇതിനോടകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ പ്രത്യേക ഐ.പി അഡ്രസ് ഉപയോഗിച്ച് മുൻപ് ഏതെങ്കിലും തരത്തിലുള്ള സൈബർ ക്രിമിനൽ പ്രവർത്തനങ്ങളോ രാജ്യവിരുദ്ധ നീക്കങ്ങളോ നടന്നിട്ടുണ്ടോ എന്ന് അന്വേഷണസംഘം നിലവിൽ പരിശോധിച്ചുവരികയാണ്. സന്ദേശത്തിന്റെ യഥാർത്ഥ ഉറവിടവും ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ മറ്റ് പശ്ചാത്തലങ്ങളും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന മാർവൽ സ്റ്റേഡിയം ഉൾപ്പെടെയുള്ള പരിപാടികളിലും മെൽബൺ നഗരത്തിലുടനീളവും സുരക്ഷാ ക്രമീകരണങ്ങൾ അതീവ കർശനമാക്കിയിട്ടുണ്ട്.

ജൂലൈ എട്ടിന് മെൽബണിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, അവിടെയുള്ള വലിയ പ്രവാസി ഇന്ത്യൻ സമൂഹവുമായി സംവദിക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതിന് പുറമെ, ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വാർഷിക ഉച്ചകോടിയുടെ ഭാഗമായി കാർഷിക മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടക്കാനിരി ക്കെയാണ് ഈ അപ്രതീക്ഷിത സുരക്ഷാ ഭീഷണി ഉയർന്നിരിക്കുന്നത്. അന്താരാഷ്ട്ര സുരക്ഷാ ഏജൻസി കളുടെ സഹകരണത്തോടെയുള്ള വിപുലമായ സുരക്ഷാ വലയത്തിലായിരിക്കും പ്രധാനമന്ത്രിയുടെ സന്ദർശന പരിപാടികൾ നടക്കുകയെന്ന് ഓസ്‌ട്രേലിയൻ സുരക്ഷാ വിഭാഗം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *