വാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ ബഹുരാഷ്ട്ര നാവികാഭ്യാസമായ റിം ഓഫ് ദ പസഫിക് (റിംപാക്) 2026-ൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ നാവികസേനയുടെ പി-8ഐ ദീർഘദൂര സമുദ്രനിരീക്ഷണ-അന്തർവാഹിനി വിരുദ്ധ യുദ്ധവിമാനം അമേരിക്കയിലെ ഹവായിയിലെത്തി. ഇന്ത്യൻ നാവികസേനയുടെ പങ്കാളിത്തം സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇൻഡോ-പസഫിക് മേഖലയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.
അമേരിക്കൻ പസഫിക് ഫ്ലീറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 24 മുതൽ ജൂലൈ 31 വരെ ഹവായിയിലും പരിസര പ്രദേശങ്ങളിലുമായി നടക്കുന്ന റിംപാക് 2026-ന്റെ 30-ാം പതിപ്പിൽ 30 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. 30-ലധികം യുദ്ധക്കപ്പലുകൾ, അഞ്ച് അന്തർവാഹിനികൾ, 206-ലധികം വിമാനങ്ങൾ, 30,000 സൈനികർ എന്നിവരാണ് അഭ്യാസത്തിന്റെ ഭാഗമാകുന്നത്. ഇത്തവണത്തെ പ്രമേയം “Partners: Integrated and Prepared” എന്നതാണ്.
പങ്കെടുക്കുന്ന നാവികസേനകൾ തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത (Interoperability), സമുദ്രമേഖലാ അവബോധം (Maritime Domain Awareness), സംയുക്ത പ്രവർത്തനങ്ങൾ എന്നിവ ശക്തിപ്പെടുത്തുകയാണ് റിംപാക് അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം. 1971-ൽ ആരംഭിച്ച ഈ അഭ്യാസത്തിൽ ഇന്ത്യ 2014 മുതൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്.

