മെൽബൺ: മധ്യേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ ഇന്ധനവില കുതിച്ചുയര്‍ന്നതോടെ ഓസ്‌ട്രേലിയയിലെ വന്‍കിട എല്‍.എന്‍.ജി (ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ്) കയറ്റുമതി കമ്പനികള്‍ക്ക് വന്‍ വരുമാന നേട്ടമെന്ന് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 27 ബില്യണ്‍ ഡോളറിന്റെ അധിക വരുമാനമാണ് കമ്പനികള്‍ക്ക് ലഭിക്കുക. ഇതോടെ രാജ്യത്തെ ഗ്യാസ് നികുതി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയ രംഗത്തുനിന്നും ശക്തമായ സമ്മര്‍ദ്ദമുയരുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ മൂന്ന് എല്‍.എന്‍.ജി കയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണെങ്കിലും, നോര്‍വേ, ഖത്തര്‍ തുടങ്ങിയ മറ്റ് വിഭവസമൃദ്ധമായ രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്‌ട്രേലിയ വളരെ കുറഞ്ഞ നികുതി മാത്രമാണ് ഈടാക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലുണ്ടായ ഇറാനിയന്‍ മിസൈല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഖത്തറിലെ ഗ്യാസ് പ്ലാന്റുകള്‍ അടച്ചുപൂട്ടേണ്ടി വന്നതാണ് വിപണിയിലെ കളി മാറ്റിയത്. ഇതോടെ വിപണിയില്‍ ആവശ്യത്തിന് ഇന്ധനമില്ലാത്ത അവസ്ഥ വരികയും വില കുതിച്ചുയരുകയും ചെയ്തു.
ഇതിന്റെ ഫലമായി 2026–27 സാമ്പത്തിക വര്‍ഷത്തില്‍ ഓസ്‌ട്രേലിയയുടെ എല്‍.എന്‍.ജി കയറ്റുമതി വരുമാനം 67.6 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഡസ്ട്രി, സയൻസ് ആൻഡ് റിസോഴ്സസ് കണക്കാക്കുന്നത്. ഇത് ഡിസംബറിലെ പ്രവചനത്തേക്കാള്‍ 21 ബില്യണ്‍ ഡോളര്‍ അധികമാണ്. ഇതോടൊപ്പം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കയറ്റുമതി വരുമാനത്തിലും 6 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. വരും വര്‍ഷങ്ങളിലും തടസ്സങ്ങള്‍ നീണ്ടാല്‍ വരുമാനത്തില്‍ ഇനിയും 7 ബില്യണ്‍ ഡോളറിന്റെ അധിക വളര്‍ച്ചയുണ്ടാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം, യുദ്ധ പശ്ചാത്തലത്തിലുള്ള ഈ വിലക്കയറ്റം 2029-ഓടെ ലഘൂകരിക്കപ്പെടുമെന്നും വില സാധാരണ നിലയിലേക്ക് മടങ്ങുമെന്നുമാണ് ഔദ്യോഗിക വിലയിരുത്തൽ.
പുതിയ വരുമാന കണക്കുകള്‍ പുറത്തുവന്നതോടെ ഗ്യാസ് കമ്പനികള്‍ക്ക് മേല്‍ ഉയര്‍ന്ന നികുതി ചുമത്തണമെന്ന ആവശ്യവുമായി സ്വതന്ത്ര സെനറ്റര്‍ ഡേവിഡ് പോക്കോക്ക് രംഗത്തെത്തി. തങ്ങളുടെ പരിമിതമായ വിഭവങ്ങള്‍ വിറ്റഴിക്കുമ്പോള്‍ ഓസ്‌ട്രേലിയന്‍ ജനതയ്ക്ക് അര്‍ഹമായ വിഹിതം ലഭിക്കുന്നില്ലെന്നും യുദ്ധകാലത്തെ ഈ ഭീമമായ ലാഭം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന ലേബര്‍ പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തെ ലക്ഷ്യമിട്ട് ഈ വിഷയത്തില്‍ വലിയ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും, ഗ്യാസ്-ചൂതാട്ട മാഫിയകള്‍ക്ക് മുന്നില്‍ ആല്‍ബനീസ് സര്‍ക്കാര്‍ കീഴടങ്ങുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

