സിഡ്നി: ന്യൂ സൗത്ത് വെയ്ൽസ് സെൻട്രൽ കോസ്റ്റിലെ വൈയോങ്ങിൽ നാല് വയസ്സുകാരനായ പ്രീ സ്കൂൾ വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മുപ്പത്തിരണ്ടുകാരിയായ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. ശനിയാഴ്ച യുവതി പ്രാദേശിക പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയതിനെ തുടർന്നാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിയുന്നത്.
സ്റ്റേഷനിലെത്തിയ യുവതിയോട് സംസാരിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് സംശയം തോന്നി ഇവരുടെ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകൾക്ക് മാരകമായി പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. യുവതിയും കുട്ടിയും മാത്രമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നതെന്നും ഇവർ തമ്മിൽ കുടുംബപരമായ ബന്ധമുണ്ടായിരുന്നുവെന്നും ടഗ്ഗരാ ലേക്സ് പോലീസ് ഡിസ്ട്രിക്റ്റ് കമാൻഡർ സൂപ്രണ്ട് ചാഡ് ഗില്ലിസ് മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെപ്പോലും മാനസികമായി തളർത്തുന്ന അതിക്രൂരമായ കാഴ്ചയ്ക്കാണ് തങ്ങൾ സാക്ഷ്യം വഹിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികൾക്കെതിരെയുള്ള ഇത്തരം അക്രമങ്ങൾ സമൂഹത്തിന്റെ മനസ്സാക്ഷിയെത്തന്നെ ബാധിക്കുന്നതാണെന്നും, സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി വരികയാണെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.
അറസ്റ്റിലായ യുവതിയുടെ കാറും മറ്റ് തെളിവുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയ ഇവർക്കായി അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചില്ല. കേസ് സെപ്റ്റംബർ ഒന്നിലേക്ക് മാറ്റി. ഹോമിസൈഡ് സ്ക്വാഡിന്റെ സഹായത്തോടെയാണ് ഓസ്ട്രേലിയൻ പോലീസ് നിലവിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. കുട്ടിയെ ഔദ്യോഗികമായി തിരിച്ചറിയുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.

