സിഡ്നി: വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ചൂതാട്ട മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ തീരുമാനം. ന്യൂ സൗത്ത് വെയ്ൽസ് പ്രീമിയർ ക്രിസ് മിൻസ്, ചൂതാട്ട യന്ത്രങ്ങളായ ‘പോക്കർ മെഷീനുകൾക്ക്’ എതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. സിഡ്നിയിൽ നടന്ന പാർട്ടി കോൺഫറൻസിൽ ഉയർന്നുവന്ന ശക്തമായ ജനകീയ വികാരത്തെ തുടർന്നാണ് ഈ നയപരമായ മാറ്റം.
ചൂതാട്ടശാലകളുടെ വൻ ലാഭക്കൊള്ളയ്ക്കും പരിഷ്കരണങ്ങളിലെ നിഷ്ക്രിയത്വത്തിനുമെതിരെ ഉയർന്ന ആരോപണങ്ങൾക്കിടയിൽ, ചൂതാട്ട യന്ത്രങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കാനുള്ള പ്രമേയം സമ്മേളനം ഏകകണ്ഠമായി പാസാക്കി. പുതിയ മെഷീനുകൾക്ക് ലൈസൻസ് നൽകുന്നത് തടയുക, 20 മില്യൺ ഡോളറിലധികം ലാഭമുള്ള ക്ലബ്ബുകളിൽ നിന്ന് ഉയർന്ന നികുതി ഈടാക്കുക, അടുത്ത 10 വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ചൂതാട്ട യന്ത്രങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കുക എന്നിവയാണ് പുതിയ പദ്ധതികൾ. കൂടാതെ, ചൂതാട്ട മുറികളിൽ നിർബന്ധിത ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. സിഡ്നിയിലെ ഇന്നർ വെസ്റ്റ് മേയർ ഡാർസി ബൈൺ കൊണ്ടുവന്ന ഈ പ്രമേയം, വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, പ്രതിഷേധ നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യവുമായി പാർട്ടിക്കുള്ളിലെ ഒരു വിഭാഗം രംഗത്തെത്തിയത് സമ്മേളനത്തിൽ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. സമാധാനപരമായ പ്രതിഷേധങ്ങളെപ്പോലും പോലീസ് അടിച്ചമർത്തുകയാണെന്നും ഈ നിയമങ്ങൾ പിൻവലിക്കണമെന്നും ഇടത് വിഭാഗം പ്രതിനിധികൾ ആവശ്യപ്പെട്ടു. എന്നാൽ കാർഷിക-ഗ്രാമപ്രദേശങ്ങളിലെ പ്രതിനിധികളും വലതുപക്ഷ വിഭാഗവും ഇതിനെ ശക്തമായി എതിർത്തതോടെ പ്രമേയം തള്ളിപ്പോയി.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ പ്രസംഗത്തിനിടെ സമ്മേളന ഹാളിൽ പലസ്തീൻ അനുകൂല പ്രതിഷേധം അരങ്ങേറിയത് പാർട്ടിക്ക് വലിയ നാണക്കേടായി. രണ്ട് പ്രതിഷേധക്കാർ ബാല്കണിയിൽ പലസ്തീൻ പതാകയും ബാനറുകളും ഉയർത്തി പ്രതിഷേധിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം ഉടനീളം തുടരുമ്പോഴും ഈ ബാനറുകൾ അവിടെത്തന്നെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രീമിയർ ക്രിസ് മിൻസ് എത്തിയപ്പോഴും സമാനമായ പ്രതിഷേധങ്ങൾ നടന്നിരുന്നു.
ഫെഡറൽ തലത്തിൽ ഓൺലൈൻ ചൂതാട്ടങ്ങൾ നിരോധിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന നിഷ്ക്രിയത്വത്തിനെതിരെയും സമ്മേളനത്തിൽ വിമർശനങ്ങൾ ഉയർന്നു. എന്നാൽ ഇതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് മുൻപായി പ്രധാനമന്ത്രി സമ്മേളന നഗരിയിൽ നിന്നും മടങ്ങിയിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്നും ഉയരുന്ന ഭീഷണി നേരിടാൻ പാർട്ടി അണികൾ ഒന്നിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

