തദ്ദേശീയ ഇലക്ട്രിക് ത്രസ്റ്റർ സാങ്കേതികവിദ്യ ബഹിരാകാശത്ത് പരീക്ഷിക്കാൻ ഐ.എസ്.ആർ.ഒ

ന്യൂഡൽഹി: ഭാവിയിലെ ഉപഗ്രഹങ്ങളെ കൂടുതൽ ഭാരം കുറഞ്ഞതും കാര്യക്ഷമവുമാക്കുന്നതിനുള്ള തദ്ദേശീയ ഇലക്ട്രിക് പ്രൊപ്പൽഷൻ (Electric Propulsion) സാങ്കേതികവിദ്യ ബഹിരാകാശത്ത് പരീക്ഷിക്കാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) ഒരുങ്ങുന്നു. ഇതിനായി ടെക്നോളജി ഡെമോൺസ്ട്രേഷൻ സാറ്റലൈറ്റിൽ (TDS-01) വികസിപ്പിച്ച 300 മില്ലിന്യൂട്ടൺ സ്റ്റേഷനറി പ്ലാസ്മ ത്രസ്റ്റർ (SPT) പരീക്ഷിക്കാനാണ് പദ്ധതി.

രാസ ഇന്ധനത്തെ ആശ്രയിക്കുന്ന പരമ്പരാഗത പ്രൊപ്പൽഷൻ സംവിധാനത്തിന് പകരമായി വൈദ്യുതോർജം ഉപയോഗിക്കുന്ന ഈ സംവിധാനം ഉപഗ്രഹങ്ങളുടെ ഭാരം ഗണ്യമായി കുറയ്ക്കും. ഇതുവഴി ആശയവിനിമയ ഉപഗ്രഹങ്ങളിൽ കൂടുതൽ ട്രാൻസ്പോണ്ടറുകൾ ഉൾപ്പെടുത്താനും ദൗത്യങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും സാധിക്കും. നിലവിലെ രാസ പ്രൊപ്പൽഷനേക്കാൾ ആറിരട്ടിയിലധികം ‘സ്പെസിഫിക് ഇംപൾസ്’ ഈ സംവിധാനത്തിനുണ്ടെന്ന് ഐ.എസ്.ആർ.ഒ. വ്യക്തമാക്കുന്നു.

2025 മാർച്ചിൽ 5.4 കിലോവാട്ട് ശേഷിയിൽ 1,000 മണിക്കൂർ ദൈർഘ്യമുള്ള ലൈഫ് ടെസ്റ്റ് ഈ ത്രസ്റ്റർ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഈ പരീക്ഷണത്തിലൂടെ ത്രസ്റ്ററിന്റെ വിശ്വാസ്യതയും ദീർഘകാല പ്രവർത്തനക്ഷമതയും സ്ഥിരീകരിച്ചതായി ഐ.എസ്.ആർ.ഒ. അറിയിച്ചു. വരാനിരിക്കുന്ന ടെക്നോളജി ഡെമോൺസ്ട്രേഷൻ സാറ്റലൈറ്റ് ദൗത്യത്തിലൂടെയാണ് ഈ സാങ്കേതികവിദ്യ ബഹിരാകാശത്ത് ആദ്യമായി പരീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *