അസ്ത്ര മിസൈൽ കരാറിലൂടെ ചരിത്രമെഴുതാൻ ഇന്ത്യ; ആദ്യ അന്താരാഷ്ട്ര ഉപഭോക്താവായി ഇന്തൊനീഷ്യ

ജക്കാർത്ത: മൂന്ന് രാജ്യങ്ങളിലേക്കുള്ള നിർണായക വിദേശ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തൊനീഷ്യയിൽ എത്തിച്ചേർന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘അസ്ത്ര മാർക്ക്-1’ (Astra Mk1) വായുവിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈലിന്റെ ആദ്യ അന്താരാഷ്ട്ര ഉപഭോക്താവായി ഇന്തൊനീഷ്യ മാറാൻ ഒരുങ്ങുന്നതിനിടെയാണ് ഈ സന്ദർശനം എന്നത് ആഗോള പ്രതിരോധ രംഗത്ത് വലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്. ഇൻഡോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ നയതന്ത്രത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം. സമുദ്രമേഖലയിലെ സുരക്ഷയും വളർച്ചയും മുൻനിർത്തിയുള്ള ‘മഹാസാഗർ’പദ്ധതി കൂടുതൽ ശക്തമാക്കാനും ഈ ചർച്ചകൾ വഴിതുറക്കും. ഇന്തൊനീഷ്യക്ക് പുറമെ ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി ഈ യാത്രയിൽ സന്ദർശിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച പ്രത്യേക വിമാനം ഇന്തൊനീഷ്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ തന്നെ അതിഗംഭീരമായ സ്വീകരണമാണ് രാജ്യം ഒരുക്കിയത്. ഇന്തൊനീഷ്യൻ വ്യോമസേനയുടെ അത്യാധുനിക യുദ്ധവിമാനങ്ങൾ ആകാശത്തുവെച്ച് പ്രധാനമന്ത്രിയുടെ വിമാനത്തിന് ഇരുവശത്തുമായി അകമ്പടി സേവിച്ചു. തുടർന്ന് ജക്കാർത്ത വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഇന്തൊനീഷ്യൻ പ്രസിഡന്റ് പ്രബൊവൊ സുബിയാന്തൊ നേരിട്ടെത്തിയിരുന്നു. പ്രോട്ടോക്കോളുകൾ മാറ്റിവെച്ച് പ്രസിഡന്റ് തന്നെ വിമാനത്താവളത്തിൽ നേരിട്ടെത്തി നൽകിയ ഈ ഊഷ്മള സ്വീകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെ തെളിവായി മാറി. വിമാനത്താവളത്തിൽ ഇന്തൊനീഷ്യൻ സൈന്യത്തിന്റെ ഗാർഡ് ഓഫ് ഓണറും പ്രധാനമന്ത്രി ഏറ്റുവാങ്ങി. വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, സമുദ്ര സുരക്ഷാ കരാറുകളിൽ നിർണായക ഒപ്പുവെക്കലുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ

Leave a Reply

Your email address will not be published. Required fields are marked *