അരങ്ങിലും അണിയറയിലുമായി നാല്പതോളം പേരുമായി കെപ്റ്റയുടെ പുലിജന്മം നാടകം വീണ്ടും മെൽബണിൽ

മെൽബൺ: മലയാളി കലാസ്വാദകർക്കായി അരങ്ങിലും അണിയറയിലുമായി നാൽപ്പതോളം കലാകാരന്മാരെ അണിനിരത്തി കെപ്റ്റയുടെ (KEPTA) പ്രശസ്ത നാടകം ‘പുലിജന്മം’ വീണ്ടും മെൽബണിൽ അരങ്ങേറുന്നു. വിപഞ്ചിക ഗ്രന്ഥശാലയുടെ പത്താം വാർഷികാഘോഷമായ ‘ദശകം 2026’-ന്റെ ഭാഗമായി ജൂലൈ 11 ശനിയാഴ്ച ബോക്സ് ഹിൽ ടൗൺ ഹാളിൽ വെച്ചാണ് നാടകം വീണ്ടും വേദിയേറുന്നത്.

1988-ലെ കേരള സംഗീത നാടക അക്കാദമി അവാർഡ് നേടുകയും, പിന്നീട് 2006-ൽ പ്രിയനന്ദനന്റെ സംവിധാനത്തിൽ ചലച്ചിത്രമായി മാറി മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരമായ ‘സുവർണ്ണകമലം’ കേരളത്തിലേക്ക് എത്തിക്കുകയും ചെയ്ത ചരിത്രപ്രസിദ്ധമായ കൃതിയാണ് ‘പുലിജന്മം’. പ്രശസ്ത എഴുത്തുകാരൻ ശ്രീ. എൻ. പ്രഭാകരന്റെ കഥയ്ക്ക് ഓസ്ട്രേലിയൻ മലയാളിയും തൃശൂർ സ്വദേശിയുമായ ഗിരീഷ് അവണൂർ ആണ് മെൽബണിൽ പുനരാവിഷ്കാര സംവിധാനം നിർവ്വഹിക്കുന്നത്.

കഴിഞ്ഞ വർഷം സമത ഓസ്ട്രേലിയ സംഘടിപ്പിച്ച നാടകോത്സവത്തിൽ ഈ നാടകം അവതരിപ്പിച്ചുകൊണ്ട് കെപ്റ്റ വലിയ ജനശ്രദ്ധയും പ്രശംസയും നേടിയിരുന്നു. ആ വൻ വിജയത്തിന് ശേഷമാണ് കൂടുതൽ പുതുമകളോടെ നാടകം വീണ്ടും മെൽബൺ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. മെൽബണിലെ സാംസ്കാരിക കൂട്ടായ്മയായ വിപഞ്ചികയുടെ പത്താം വാർഷിക ആഘോഷങ്ങൾക്ക് മാധ്യമ പിന്തുണയുമായി ‘മലയാളിപ്പത്രവും’ ‘നാലാമൻ മീഡിയയും’ മീഡിയ പാർട്ട്‌ണേഴ്‌സായി ഒപ്പമുണ്ട്. ടിക്കറ്റുകൾ പൂർണ്ണമായും വിറ്റുതീർന്ന ഈ മെഗാ സാംസ്കാരിക സന്ധ്യയെ ഏറെ ആകാംഷയോടെയാണ് മെൽബണിലെ മലയാളി സമൂഹം കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *