തിരുവനന്തപുരം: കേരളത്തെ നടുക്കിയ ചാക്കോ വധക്കേസിലെ മുഖ്യപ്രതിയായ സുകുമാരക്കുറുപ്പിനെ കണ്ടെത്തുന്നതിനായി ക്രൈംബ്രാഞ്ച് വീണ്ടും കേസ് ഫയലുകൾ പരിശോധിക്കുന്നു. പഴയതും തീർപ്പാകാത്തതുമായ കേസുകൾ തീർപ്പാക്കുന്നതിനുള്ള പ്രത്യേക നടപടിയുടെ ഭാഗമായാണ് പുതിയ പരിശോധന നടക്കുന്നത്.
1980-കളിൽ കൊൽക്കത്തയിലെ ഒരു ആശുപത്രിയിൽ സുകുമാരക്കുറുപ്പിനെ കണ്ടതായി പറഞ്ഞ നഴ്സ് രത്നമ്മയുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി. എന്നാൽ നിലവിൽ നിർണായകമായ പുതിയ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന. സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ എന്നതും ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
1984 ജനുവരി 21-ന് ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി ചാക്കോയെ കൊലപ്പെടുത്തി മൃതദേഹം കാറിൽ കത്തിച്ച് സ്വന്തം മരണമാണെന്ന് വരുത്തിത്തീർക്കാൻ സുകുമാരക്കുറുപ്പ് ശ്രമിച്ചെന്നാണ് കേസ്. സംഭവത്തിൽ മറ്റ് പ്രതികൾ പിടിയിലായി ശിക്ഷിക്കപ്പെട്ടെങ്കിലും സുകുമാരക്കുറുപ്പ് ഒളിവിൽ പോകുകയായിരുന്നു. അതേസമയം, സുകുമാരക്കുറുപ്പിനെ കണ്ടെത്താൻ ഔദ്യോഗികമായി പുനരന്വേഷണം ആരംഭിച്ചിട്ടില്ലെന്നും പഴയ ഫയലുകൾ പരിശോധിക്കുന്നത് പതിവ് നടപടിക്രമത്തിന്റെ ഭാഗമാണെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.

