ജക്കാർത്ത:ഇന്ത്യയും ഇന്തോനേഷ്യയും പ്രതിരോധ, സമുദ്രസുരക്ഷാ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കുന്ന സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജക്കാർത്ത സന്ദർശനത്തിനിടെയാണ് കരാറുകൾ നിലവിൽ വന്നത്. പ്രബോവോ സുബിയാന്തോയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ധാരണാപത്രങ്ങൾ കൈമാറിയത്.
കരാറിന്റെ ഭാഗമായി ഇന്ത്യ ഇന്തോനേഷ്യയ്ക്ക് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സംവിധാനവും ആസ്ട്ര എയർ-ടു-എയർ മിസൈലുകളും നൽകും. ഇതിലൂടെ ഇന്തോനേഷ്യ ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കുന്ന മൂന്നാമത്തെ വിദേശരാജ്യമായി മാറും. മിസൈൽ വിതരണത്തിന് പുറമെ പരിശീലനം, പരിപാലനം, അടിസ്ഥാനസൗകര്യ വികസനം, സമുദ്രസുരക്ഷാ സഹകരണം എന്നിവയും കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇരു രാജ്യങ്ങളും വ്യാപാരം, നിർണായക ധാതുക്കൾ, ബഹിരാകാശ സഹകരണം, സാമ്പത്തിക ബന്ധം എന്നിവയും വിപുലപ്പെടുത്താൻ ധാരണയായി. ഇൻഡോ-പസഫിക് മേഖലയിൽ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കമായാണ് പുതിയ കരാറുകളെ വിലയിരുത്തുന്നത്.

