പത്തനംതിട്ട: രുചിയുടെ പെരുമ കൊണ്ടും പങ്കെടുക്കുന്ന ഭക്തരുടെ ബാഹുല്യം കൊണ്ടും ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷണ മാമാങ്കങ്ങളിൽ ഒന്നാണ് ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യ. ഭക്തിനിർഭരമായ വിഭവങ്ങളുടെ രുചി വൈവിധ്യം നുണയാനും ദർശനത്തിനുമായി ഓണക്കാലം ഉൾപ്പെടുന്ന ചുരുങ്ങിയ കാലയളവിൽ രണ്ടു ലക്ഷത്തോളം പേരാണ് ആറന്മുള ക്ഷേത്രത്തിൽ എത്തുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന നൂറ്റാണ്ടുകളായുള്ള ആചാരത്തിന്റെയും ആഘോഷത്തിന്റെയും ഭാഗമാണ് ഈ വള്ളസദ്യ.
ഐതിഹ്യവും ഒരുക്കങ്ങളും
തിരുവോണത്തോണിയ്ക്ക് അകമ്പടിയായെത്തുന്ന പള്ളിയോടക്കാർക്കായി വഴിപാടെന്ന രീതിയിലാണ് ഓരോ ദിനവും വള്ളസദ്യ നടത്തുന്നത്. മധ്യ തിരുവിതാംകൂറിന്റെ രുചിയുടെ ഉത്സവം കൂടിയാണിത്. ഭക്തർ വഴിപാട് സമർപ്പിച്ചാൽ പള്ളിയോട കരയിൽ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങുക.
വഴിപാട് നടത്തുന്ന ഭക്തൻ അന്നേ ദിവസം രാവിലെ ആറന്മുള ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ഒരു പറ ദേവനും ഒരു പറ പള്ളിയോടത്തിനും എന്നാണ് സങ്കല്പം. തുടർന്ന് ശ്രീകോവിലിൽ നിന്നും പൂജിച്ച് നൽകുന്ന മാലയും വെറ്റിലയും പാക്കുമായി അതത് പള്ളി യോട കടവിലെത്തി പള്ളിയോടത്തെ ക്ഷേത്രത്തിലേക്ക് യാത്രയാക്കണം. വഞ്ചിപ്പാട്ടുകൾ പാടി ക്ഷേത്ര ക്കടവിലെത്തുന്ന പള്ളിയോടത്തെ അഷ്ടമംഗല്യം, താലപ്പൊലി, മുത്തുക്കുട, വാദ്യമേളങ്ങൾ എന്നിവയോ ടെയാണ് സ്വീകരിക്കുക. തുടർന്ന് വള്ളക്കാർ വഞ്ചിപ്പാട്ടോടെ കൊടിമരച്ചുവട്ടിൽ പറയിട്ട സ്ഥലത്ത് എത്തും. തങ്ങളുടെ മുത്തുക്കുടയും തുഴയും ദേവന് നടയ്ക്കൽ സമർപ്പിച്ച ശേഷമാണ് വള്ളക്കാർ ഊട്ടുപുരയിലേക്ക് വള്ളസദ്യയ്ക്കായി പ്രവേശിക്കുന്നത്.


63 ഇനം കറികളും വള്ളപ്പാട്ടിലെ ആവശ്യങ്ങളും
തുഴച്ചിൽക്കാർ വള്ളപ്പാട്ടിലൂടെ (വഞ്ചിപ്പാട്ട്) ശ്ലോക രൂപത്തിലാണ് സദ്യയുടെ വിഭവങ്ങൾ വിളമ്പാൻ ആവശ്യപ്പെടുക. വള്ളക്കാർ പാടി ചോദിക്കുന്ന വിഭവങ്ങളെല്ലാം ‘ഇല്ല’ എന്ന് പറയാതെ വിളമ്പണം എന്നാണ് ചടങ്ങ്. 63 ഇനം കറികൾ ഉൾപ്പെടുന്ന വിഭവസമൃദ്ധമായ സദ്യയാണ് ആറന്മുള വള്ളസദ്യയിൽ വിളമ്പുന്നത്. വള്ളസദ്യ വിളമ്പുന്നതിനും ഉണ്ണുന്നതിനും കൃത്യമായ ക്രമവും ചിട്ടകളുമുണ്ട്.
തൊട്ടുകൂട്ടുന്ന കറികൾ, കൂട്ടുകറികൾ, ചാറുകറികൾ എന്നിങ്ങനെ മൂന്ന് വിഭാഗമായാണ് വള്ളസദ്യയുടെ കറികളെ തരംതിരിച്ചിരിക്കുന്നത്. സാധാരണ സദ്യകളിൽ നിന്നും വ്യത്യസ്തമായി, സാമ്പാറൊഴിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ പായസം വിളമ്പുന്ന രീതി ആറന്മുള വള്ളസദ്യയിൽ മാത്രം ഉള്ള പ്രത്യേക പതിവാണ്. പരിപ്പ്, പുളിശ്ശേരി, കാളൻ, അവിയൽ, ഓലൻ, എരിശ്ശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, ഒട്ടേറെ മെഴുക്കുപുരട്ടികൾ, തോരനുകൾ, വിവിധയിനം അച്ചാറുകൾ തുടങ്ങി എഴുപതോളം വിഭവങ്ങൾ അടങ്ങുന്നതാണ് ഈ സദ്യ. സദ്യയ്ക്കു ശേഷം കൊടിമരച്ചുവട്ടിൽ വെച്ച് പറ തളിച്ച് കരക്കാർ ഭക്തനെ അനുഗ്രഹിക്കുന്നതോടെ വള്ളസദ്യ ചടങ്ങുകൾ അവസാനിക്കും.

