മാസപ്പടി കേസ്: അന്വേഷണം ടി. വീണയുടെ സ്വത്ത് വിവരങ്ങളിലേക്കും

കണ്ണൂർ: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയുടെ സ്വത്ത് വിവരങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ പാതിരിയാട്, പിണറായി വില്ലേജുകളിലുള്ള വീണയുടെ പേരിലുള്ള ഭൂമിയുടെ രേഖകളും സ്ഥല വിവരങ്ങളും ഇഡി ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ചു.

ഇതുവരെ കേസിൽ എക്സാലോജിക് കമ്പനിയുടെയും സിഎംആർഎല്ലിന്റെയും സാമ്പത്തിക ഇടപാടുകൾ, ബാങ്ക് രേഖകൾ, കമ്പനി രേഖകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇപ്പോൾ സ്വത്തുവിവരങ്ങളും പരിശോധിക്കുന്നതിലൂടെ അന്വേഷണത്തിന്റെ പരിധി കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ്. പരിശോധനയ്ക്കിടെ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാരുടെ സഹായത്തോടെ ഭൂമിയുടെ അതിർത്തികളും രേഖകളും ഇഡി സംഘം പരിശോധിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട് ടി. വീണയെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സ്വത്തുസംബന്ധമായ പരിശോധന നടന്നത്. അന്വേഷണത്തിന്റെ ഭാഗമായി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *