ജർമൻ സ്കൂളിൽ ആക്രമണം; രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്, 16-കാരൻ പിടിയിൽ

ബെർലിൻ:ജർമനിയിലെ ബവേറിയ സംസ്ഥാനത്തെ ഷോൻഗൗ നഗരത്തിലെ വെൽഫൻ ഹൈസ്കൂളിൽ ഉണ്ടായ ആക്രമണത്തിൽ 13 വയസ്സുള്ള രണ്ട് വിദ്യാർഥിനികൾക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 16 വയസ്സുകാരനായ ഒരു കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയുടെ കൈവശം കത്തിയും തോക്കും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. എന്നാൽ വിദ്യാർഥിനികൾക്ക് പരിക്കേറ്റത് ഏത് ആയുധം ഉപയോഗിച്ചാണെന്ന് അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ വ്യക്തമായിട്ടില്ല. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ജീവന് ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ പ്രതി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

സംഭവത്തെ തുടർന്ന് സ്കൂൾ പരിസരത്ത് വൻ സുരക്ഷാ വിന്യാസം ഏർപ്പെടുത്തി. പ്രദേശത്തേക്ക് ആളുകൾ പ്രവേശിക്കരുതെന്ന് പോലീസ് നിർദേശിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ബവേറിയ ആഭ്യന്തര മന്ത്രി ജോയാക്കിം ഹെർമാൻ, പ്രതി മുൻപ് മാനസികാരോഗ്യ ചികിത്സ നേടിയിരുന്ന ക്രൊയേഷ്യൻ പൗരനാണെന്ന് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *