ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ സംസ്കാരം ഇന്ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷ്ഹദിലെ ഇമാം റസാ ദർഗാ സമുച്ചയത്തിലാണ് നടക്കുക. ടെഹ്റാൻ, ഖോം, ഇറാഖിലെ നജഫ്, കർബല എന്നിവിടങ്ങളിലെ പൊതുദർശനത്തിനും വിലാപയാത്രകൾക്കും ശേഷമാണ് മൃതദേഹം മഷ്ഹദിലെത്തിച്ചത്.
ഖമേനിയുടെ മകൻ കൂടിയായ നിലവിലെ പരമോന്നത നേതാവ് മുജ്തബ ഖമേനി ഖബറിലിറക്കുന്ന ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ കാരണങ്ങളാലും ഫെബ്രുവരിയിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റതിനാലും അദ്ദേഹം പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംസ്കാരച്ചടങ്ങുകൾക്ക് മുതിർന്ന മതനേതാക്കളും സർക്കാർ പ്രതിനിധികളും നേതൃത്വം നൽകും.
സംസ്കാരച്ചടങ്ങിനോടനുബന്ധിച്ച് മഷ്ഹദിൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് അനുശോചകർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് ഇറാൻ അധികൃതരുടെ വിലയിരുത്തൽ.

