ആണവശേഷി വർധിപ്പിക്കാൻ ഉത്തരകൊറിയ; സൈനിക നവീകരണത്തിന് കിം ജോങ് ഉന്നിന്റെ നിർദേശം

സോൾ: രാജ്യത്തിന്റെ ആണവശേഷി ഗുണപരമായും അളവിലും കൂടുതൽ ശക്തിപ്പെടുത്താനും സൈന്യത്തെ ആധുനികവത്കരിക്കാനും ഉത്തരകൊറിയ തീരുമാനിച്ചു. ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ കേന്ദ്ര സൈനിക കമ്മിഷന്റെ വികസിത യോഗത്തിലാണ് തീരുമാനം. രാജ്യത്തിന്റെ സുരക്ഷയും “യഥാർഥ സമാധാനവും” ഉറപ്പാക്കാൻ ശക്തമായ സൈനികശേഷി അനിവാര്യമാണെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ യോഗത്തിൽ പറഞ്ഞു.

യുദ്ധസംവിധാനങ്ങളുടെ സാങ്കേതിക അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കൽ, ആണവസേനയുടെ ശേഷി വിപുലപ്പെടുത്തൽ, സൈനിക താവളങ്ങളുടെ ആധുനികവത്കരണം എന്നിവയ്ക്ക് യോഗം അംഗീകാരം നൽകി. സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണ-വിവരശേഖരണ ശേഷി വർധിപ്പിക്കാനും പുതിയ നാവിക താവളങ്ങളും കപ്പൽശാലകളും വികസിപ്പിച്ച് നാവികസേനയുടെ പങ്ക് ശക്തിപ്പെടുത്താനും തീരുമാനിച്ചതായി ഉത്തരകൊറിയൻ സർക്കാർ മാധ്യമം കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.

അടുത്തിടെ പുതിയ യുദ്ധക്കപ്പലുകളിൽ നിന്ന് ആണവശേഷിയുള്ള ക്രൂയിസ് മിസൈൽ പരീക്ഷണങ്ങൾ നടത്തിയതടക്കമുള്ള നടപടികൾക്ക് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ഉത്തരകൊറിയയുടെ സൈനിക നവീകരണവും ആണവായുധ വികസനവും മേഖലയിലെ സുരക്ഷാ ആശങ്കകൾ കൂടുതൽ ശക്തമാക്കുന്നതായി നിരീക്ഷകർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *