ന്യൂഡൽഹി:ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഈ വർഷം ഡിസംബറിൽ രാജ്യത്തേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചു. നിലവിൽ ഇന്ത്യയിൽ കഴിയുന്ന ഹസീന, തനിക്കും അവാമി ലീഗിലെ മറ്റ് നേതാക്കൾക്കും എതിരെ നിലനിൽക്കുന്ന കേസുകൾ നേരിടാൻ സ്വമേധയാ മടങ്ങിവരുമെന്നും അറിയിച്ചു.
വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ ചെയ്തെന്ന കേസിൽ ഹസീനയ്ക്ക് അഭാവത്തിൽ ബംഗ്ലാദേശ് അന്താരാഷ്ട്ര കുറ്റാന്വേഷണ ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചിരുന്നു. ഈ വിധിയെ രാഷ്ട്രീയ പ്രേരിതമാണെന്ന് വിശേഷിപ്പിച്ച ഹസീന, അറസ്റ്റ് ചെയ്യപ്പെടുകയോ വധശിക്ഷ നേരിടേണ്ടിവരുകയോ ചെയ്താലും രാജ്യത്തേക്ക് മടങ്ങാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും വ്യക്തമാക്കി.
രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും നിരോധിച്ചിരിക്കുന്ന അവാമി ലീഗിന് വീണ്ടും രാഷ്ട്രീയ പ്രവർത്തനം നടത്താൻ അവസരം നൽകണമെന്നും ഹസീന ആവശ്യപ്പെട്ടു. നാടുകടത്തപ്പെട്ട നേതാക്കളുമായി ചേർന്ന് പാർട്ടിയെ പുനഃസംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അവർ പറഞ്ഞു.
2024-ലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണ് ഹസീനയുടെ സർക്കാർ അധികാരത്തിൽ നിന്ന് പുറത്തായത്. തുടർന്ന് അവർ ഇന്ത്യയിലേക്ക് മാറുകയായിരുന്നു. ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല.

