പിരിച്ച കോടികൾ എവിടെ പോയി? സതീശൻ മറുപടി പറയണമെന്ന് എം.വി. ഗോവിന്ദൻ

കൊച്ചി: പറവൂർ മണ്ഡലത്തിൽ പ്രളയബാധിതർക്കായി നടപ്പാക്കിയ ‘പുനർജനി’ പദ്ധതിയുടെ ഭാഗമായി സമാഹരിച്ച കോടിക്കണക്കിന് രൂപയുടെ വിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ വിശദീകരണം നൽകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

പുനർജനി പദ്ധതിയുടെ ഭാഗമായി 216 വീടുകൾ നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവ എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു. 19 വീടുകൾ മാത്രമാണ് നൽകിയതെന്നാണ് പറയുന്നതെന്നും, അവ വിവിധ സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിൽ നിർമിച്ചതാണെന്നും പുനർജനി പദ്ധതിയുടെ ഫണ്ടിൽ നിന്നുള്ള നിർമാണമല്ലെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

പുനർജനിയുടെ പേരിൽ യുകെയുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് സമാഹരിച്ച പണം എങ്ങനെ ചെലവഴിച്ചുവെന്ന് സതീശൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി.ഡി. സതീശൻ പ്രതിയായ പുനർജനി കേസ് അട്ടിമറിച്ചെന്നാരോപിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ പറവൂരിൽ സംഘടിപ്പിച്ച ബഹുജന പ്രതിഷേധസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുനർജനിയുമായി ബന്ധപ്പെട്ട ഒരു കേസും നിലവിലില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്നും, വിഷയം ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *