ചൈനയിലെ ചെരുപ്പ് ഫാക്ടറിയിൽ വൻ തീപിടിത്തം; 28 പേർ മരിച്ചു

ബെയ്ജിങ്: ചൈനയുടെ തെക്കുകിഴക്കൻ ഫുജിയാൻ പ്രവിശ്യയിലെ ജിൻജിയാങ് നഗരത്തിലുള്ള ഹുയ്‌തെങ് (Huiteng) ചെരുപ്പ് ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ 28 പേർ മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിൽ 239 പേർ ഫാക്ടിക്കുള്ളിലുണ്ടായിരുന്നുവെന്നാണ് ചൈനീസ് സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

അപകടസമയത്ത് 213 പേരെ സുരക്ഷിതമായി പുറത്തെടുത്തെങ്കിലും ആശുപത്രിയിലേക്ക് മാറ്റിയ രണ്ടുപേർ പിന്നീട് മരിച്ചു. കാണാതായിരുന്ന 26 പേരും മരിച്ചതായി പിന്നീട് സ്ഥിരീകരിച്ചു. ഫാക്ടറിയുടെ താഴത്തെ നിലയിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചെരുപ്പ് നിർമ്മാണത്തിനുപയോഗിക്കുന്ന അതീവ ജ്വലനശേഷിയുള്ള അസംസ്കൃത വസ്തുക്കളും പശകളും തീ അതിവേഗം പടരാൻ കാരണമായതായി അധികൃതർ അറിയിച്ചു.

പടിക്കെട്ടുകളിലും പുറത്തേക്കുള്ള വഴികളിലും സാധനങ്ങൾ കെട്ടിക്കിടന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായതായി അഗ്നിശമന സേന അറിയിച്ചു. നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താനും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നിർദേശിച്ചു. ഫാക്ടറി ഉടമയെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായും കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *