ഉയർന്നുവരുന്ന ജന്തുജന്യ രോഗങ്ങൾ; പ്രതിരോധവും മുൻകരുതലുകളും

പക്ഷിമൃഗാദികളിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ടോ പരോക്ഷമായോ പകരുന്ന രോഗങ്ങളെയാണ് ജന്തുജന്യ രോഗങ്ങൾ (Zoonotic diseases) എന്ന് വിളിക്കുന്നത്. ലോകമെമ്പാടും പുതുതായി കണ്ടെത്തുന്ന പല രോഗങ്ങളും ഈ വിഭാഗത്തിൽപ്പെട്ടവയാണ്. മനുഷ്യരും മൃഗങ്ങളും പരിസ്ഥിതിയും തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തിൽ ഉണ്ടാകുന്ന വിള്ളലുകളാണ് ഇത്തരം രോഗങ്ങൾ വ്യാപിക്കാൻ പ്രധാന കാരണമാകുന്നത്.

രോഗങ്ങൾ ഇവയെ കരുതിയിരിക്കുക

നിപ, പക്ഷിപ്പനി (H5N1), മങ്കിപോക്സ്, എബോള, കോവിഡ്-19, ലെപ്റ്റോസ്പിറോസിസ് (എലിപ്പനി), റേബീസ് (പേവിഷബാധ), ബ്രൂസെല്ലോസിസ് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ജന്തുജന്യ രോഗങ്ങൾ.

രോഗസാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ

വിവിധങ്ങളായ പാരിസ്ഥിതിക, സാമൂഹിക മാറ്റങ്ങൾ രോഗസാധ്യത വർദ്ധിപ്പിക്കുന്നുണ്ട്:

വനനശീകരണവും ആവാസവ്യവസ്ഥകളുടെ തകർച്ചയും.

വന്യമൃഗങ്ങളുമായുള്ള മനുഷ്യരുടെ സമ്പർക്കം വർദ്ധിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം.

അശാസ്ത്രീയമായ നഗരവൽക്കരണവും ജനസാന്ദ്രതയിലുണ്ടാകുന്ന വർദ്ധനയും.

അന്തർദേശീയ യാത്രകൾ, പരിസ്ഥിതി മലിനീകരണം, അസാധാരണമായ രീതിയിലുള്ള വളർത്തുമൃഗ പരിപാലനം (exotic pets).

പ്രതിരോധ മാർഗ്ഗങ്ങൾ

‘ഏകാരോഗ്യം’ (One Health) എന്ന ആശയത്തിൽ അധിഷ്ഠിതമായി ഈ രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും. താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കുന്നതിലൂടെ രോഗപ്പകർച്ച ഒഴിവാക്കാം:

ശുചിത്വം: എപ്പോഴും തിളപ്പിച്ചാറിയ കുടിവെള്ളം മാത്രം ഉപയോഗിക്കുക. മാംസം, പാൽ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ നന്നായി പാകം ചെയ്ത ശേഷം മാത്രം കഴിക്കുക.

സുരക്ഷാ മുൻകരുതലുകൾ: പക്ഷിമൃഗാദികളെ പരിപാലിക്കുമ്പോഴും അവയുടെ പാർപ്പിടങ്ങൾ വൃത്തിയാക്കുമ്പോഴും കൈയുറയും കാലുറയും ധരിക്കുക. സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക.

രോഗബാധയുള്ള മൃഗങ്ങൾ: രോഗം ബാധിച്ച മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക.

അസ്വാഭാവിക മരണങ്ങൾ: അസ്വാഭാവികമായി ചത്തുവീണുകിടക്കുന്ന പക്ഷികളെയോ മൃഗങ്ങളെയോ തൊടാനോ എടുക്കാനോ ശ്രമിക്കരുത്.

ആവാസവ്യവസ്ഥ സംരക്ഷണം: വവ്വാലുകൾ കൂട്ടമായി ചേക്കേറുന്ന മരങ്ങൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിലേക്ക് അതിക്രമിച്ചു കടക്കുന്നത് ഒഴിവാക്കുക.

Leave a Reply

Your email address will not be published. Required fields are marked *