മെൽബൺ: ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന് സാംസ്കാരികവും സാഹിത്യപരവുമായ നവജീവൻ പകർന്ന് ഒരു ദശാബ്ദം പിന്നിടുന്ന മെൽബൺ വിപഞ്ചിക ഗ്രന്ഥശാലയുടെ പത്താം വാർഷിക ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. “ദശകം: നമ്മൾ ചേർന്ന് എഴുതിയ പത്ത് വർഷങ്ങളുടെ കഥ” എന്ന പേരിൽ നടത്തുന്ന ഈ വൻ ആഘോഷ പരിപാടികൾ വരുന്ന ജൂലൈ 11-ന് മെൽബൺ ബോക്സ് ഹിൽ ടൗൺ ഹാളിൽ വെച്ചാണ് അരങ്ങേറുന്നത്. യാതൊരു ലാഭേച്ഛയുമില്ലാതെ, മലയാളി സമൂഹത്തിന്റെ സ്നേഹവും പിന്തുണയും മാത്രം കൈമുതലാക്കി പത്ത് വർഷം വിജയകരമായി പൂർത്തിയാക്കിയ വിപഞ്ചിക ഗ്രന്ഥശാലയുടെ ഈ സാംസ്കാരിക മഹാമഹത്തിലേക്ക് എല്ലാ ഭാഷാ-സാംസ്കാരിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര് അറിയിച്ചു.
2016 ജൂലൈ 10-ന് പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ തുടക്കം കുറിച്ച വിപഞ്ചിക ഗ്രന്ഥശാല, കേവലമൊരു ലൈബ്രറി എന്നതിലുപരി ഓസ്ട്രേലിയയിൽ മലയാള ഭാഷാ പരിപോഷണത്തിനും നാടകരംഗത്തിനും കരുത്തു പകരുന്ന ശക്തമായ ഒരു കൂട്ടായ്മയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ബാബു നമ്പൂതിരി, ആലങ്കോട് ലീലാകൃഷ്ണൻ, കെ.വി. ഗണേഷ്, സുനിൽ സുഖദ, ഡോ. ഭാനുമതി തുടങ്ങിയ പ്രമുഖരെ അണിനിരത്തിയുള്ള കേരളപ്പിറവി ആഘോഷങ്ങൾ, “വിപഞ്ചിക വിസ്മയം” ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, “ജയ് ഭീം” ചലച്ചിത്ര ആസ്വാദന ചർച്ചകൾ എന്നിവയിലൂടെ വിപഞ്ചിക മെൽബണിലെ സാംസ്കാരിക ഭൂമികയിൽ തനതായ മുദ്ര പതിപ്പിച്ചു.
പ്രശസ്ത ബാലസാഹിത്യകാരൻ സി.ആർ. ദാസിനെ ഓസ്ട്രേലിയയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള “യാവ” സാഹിത്യ സംഗമവും അതിന്റെ ഫലമായി പിറന്ന പുസ്തകങ്ങളും വിപഞ്ചികയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. മലയാളി ഡോക്ടേഴ്സ് ഓഫ് വിക്ടോറിയയുമായി ചേർന്നുള്ള ഹെൽത്ത് സെമിനാറുകൾ, വിക്ടോറിയയിൽ VCE/VET പരീക്ഷകളിൽ മികവ് പുലർത്തുന്ന കുട്ടികളെയും അധ്യാപകരെയും ആദരിക്കൽ, ഓസ്ട്രേലിയൻ മലയാളി എഴുത്തുകാരെ പരിചയപ്പെടുത്തുന്ന “തുറന്ന പുസ്തകം” എന്നിവ വിപഞ്ചികയുടെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതാണ്.
2024-ലെ ആദ്യ ഓസ്ട്രേലിയൻ മലയാളി സാഹിത്യോത്സവവും (AMLF) പി. ഭാസ്കരൻ മാസ്റ്റർ ജന്മശതാബ്ദി ആഘോഷവും, 2025-ൽ നടന്ന എം.ടി. സ്മൃതി, റേഡിയോ നാടകാവതരണം എന്നിവയും വലിയ ജനപങ്കാളിത്തത്തോടെയാണ് പൂർത്തിയായത്. തൃശൂർ രംഗചേതന, ലിറ്റിൽ എർത്ത് തിയേറ്റർ, സമത ഓസ്ട്രേലിയ, കെപ്റ്റ മെൽബൺ തുടങ്ങിയ നാടകസംഘങ്ങളുമായി ചേർന്ന് വിപഞ്ചിക നടത്തുന്ന നാടക പ്രവർത്തനങ്ങളും പ്രളയകാലത്ത് ഉൾപ്പെടെ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറെ മാതൃകാപരമാണ്.
പ്രശസ്ത എഴുത്തുകാരായ ദീപ നിശാന്ത്, വി.കെ.കെ. രമേഷ്, ചലച്ചിത്ര താരം സജിത മഠത്തിൽ തുടങ്ങിയവർ പങ്കെടുത്ത വിളംബര ചടങ്ങിൽ വെച്ച് ബെന്യാമിൻ തന്നെയാണ് “ദശകം-2026″ന്റെ പ്രഖ്യാപനം നടത്തിയത്. തുടർന്ന് പ്രശസ്ത ചലച്ചിത്രകാരൻ വി.കെ. ശ്രീരാമൻ ആഘോഷ പരിപാടികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രശസ്ത കാലിഗ്രാഫർ നാരായണ ഭട്ടതിരിയാണ് ഈ ദശാബ്ദാഘോഷത്തിന്റെ മനോഹരമായ ലോഗോ രൂപകൽപ്പന ചെയ്തത്.

