സൈജു കുറുപ്പ് ചിത്രം സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; ചിത്രം 2027-ൽ തിയേറ്ററുകളിലേക്ക്

കൊച്ചി: സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മിസ്റ്ററി ഡ്രാമ ചിത്രം ‘സാക്ഷികൾ’ സിനിമയുടെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത എഴുത്തുകാരനും നോവലിസ്റ്റുമായ പി.എസ്. അർജുൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. രായര പിക്ചേഴ്സിന്റെ ബാനറിൽ പുനീത് നിർമ്മിക്കുന്ന ഈ ചിത്രം 2027-ൽ തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. തന്റെ ജീവിതയാത്രയിൽ കണ്ടുമുട്ടിയ യഥാർത്ഥ കഥാപാത്രങ്ങളിൽ നിന്നും യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ മിസ്റ്ററി ഡ്രാമ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ പി.എസ്. അർജുൻ പങ്കുവെച്ചു.

യുവതാരം സൈജു കുറുപ്പ് മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഒരു മികച്ച താരനിര തന്നെയാണ് ദുരൂഹതകൾ നിറഞ്ഞ കഥാപാത്രങ്ങളായി സ്ക്രീനിൽ എത്തുന്നത്. രഘുനാഥ് പലേരി, നിഷാന്ത് സാഗർ, അഭിമന്യു എസ്. തിലകൻ, ശീതൾ ജോസഫ്, അഭിരാം രാധാകൃഷ്ണൻ, നിരഞ്ജ് മണിയൻപിള്ള, ഗോകുലൻ എം.എസ്., ഹരിത് വിജയകൃഷ്ണൻ, ദേവനന്ദ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈ ത്രില്ലർ ചിത്രത്തിന്റെ ദൃശ്യ-ശ്രാവ്യ ഭംഗി മികച്ചതാക്കാൻ പ്രതിഭകളായ സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്നുണ്ട്. ആനന്ദ് മീനാക്ഷിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എബി സാമുവൽ സംഗീത സംവിധാനവും റാത്തിൻ രാധാകൃഷ്ണൻ ചിത്രസംയോജനവും (എഡിറ്റിംഗ്) കൈകാര്യം ചെയ്യുന്നു. അജയ് മങ്ങാട് (കല), സുധി സുരേന്ദ്രൻ (ചമയം), അനീഷ് പെരമ്പിലാവ് (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. അനീഷ് ജോർജ്ജ് ചീഫ് അസോസിയേറ്റ് ഡയറക്ടറായും, രാകേഷ് കൃഷ്ണൻ ജി, ജിഷ്ണു ലക്ഷ്മൺ എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരായും പ്രവർത്തിച്ചിരിക്കുന്നു. പി. ശിവപ്രസാദ് ആണ് ചിത്രത്തിന്റെ പി.ആർ.ഓ.

Leave a Reply

Your email address will not be published. Required fields are marked *