കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോറിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ജീവിതം പറയുന്ന ബയോപിക് ചിത്രം ‘ജി.ഡി.എൻ’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ജി.ഡി. നായിഡുവായി വേറിട്ട ഗെറ്റപ്പിലെത്തുന്ന ആർ. മാധവൻ ട്രെയിലറിൽ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. മാധവനെ നായകനാക്കി പ്രമുഖ പരസ്യ സംവിധായകനായ കൃഷ്ണകുമാർ രാമകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. കോയമ്പത്തൂരിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ട്രെയിലർ റിലീസ് ചെയ്തത്. മലയാളം, തമിഴ് ചലച്ചിത്ര രംഗങ്ങളിലെ നിരവധി പ്രമുഖ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
‘റോക്കട്രി: ദ് നമ്പി ഇഫക്റ്റ്’ എന്ന ചിത്രത്തിന് 2022-ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിച്ചതിന് ശേഷം വർഗീസ് മൂലൻ പിക്‌ചേഴ്‌സ്, ട്രൈകളർ ഫിലിംസ്, മീഡിയ മാക്സ് എന്റർടൈൻമെന്റ്സ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണിത്. മാധവനെ കൂടാതെ പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല, കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ ദിവാകർ, ബ്രിജിഡ സാഗ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
വർഗീസ് മൂലൻ, വിജയ് മൂലൻ, ആർ. മാധവൻ, സരിത മാധവൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സോണൽ പണ്ടേ, സഞ്ജയ് ബെക്ടർ എന്നിവർ സഹനിർമാതാക്കളാണ്. ചിത്രത്തിന്റെ സംഗീതസംവിധാനം ഗോവിന്ദ് വസന്തയാണ് നിർവ്വഹിച്ചിരിക്കുന്നത്. ‘ഇന്ത്യയുടെ എഡിസൺ’, ‘കോയമ്പത്തൂരിന്റെ സാമ്പത്തിക സ്രഷ്ടാവ്’ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രശസ്ത ശാസ്ത്രജ്ഞനും ദേശീയ നായകനുമായ ജി.ഡി. നായിഡുവിന്റെ ജന്മസ്ഥലമായ കോയമ്പത്തൂരിലാണ് ചിത്രത്തിന്റെ ഇന്ത്യൻ ഷെഡ്യൂൾ പൂർത്തിയാക്കിയത്.
തമിഴിൽ ചിത്രീകരിക്കുന്ന ഈ ചിത്രം തമിഴ് കൂടാതെ ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ജൂലൈ 17-ന് തിയേറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ ഛായാഗ്രാഹകനും ക്രിയേറ്റീവ് പ്രൊഡ്യൂസറുമായി അരവിന്ദ് കമലനാഥൻ പ്രവർത്തിക്കുമ്പോൾ മുരളീധരൻ സുബ്രഹ്മണ്യം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്നു. പ്രമോഷൻ കൺസൾട്ടന്റ്: മിഥുൻ മുരളി, ഡിജിറ്റൽ മാർക്കറ്റിങ്: ലിറ്റിൽ ഫ്രെയിംസ് എന്റർടെയ്ൻമെന്റ്, വാർത്താ പ്രചരണം: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

