കൊച്ചി: മലയാള സിനിമയുടെ ചരിത്രത്താളുകളിൽ ഇടംനേടിയ ‘കിരീടം’ എന്ന ചിത്രത്തിന്റെ 4K പ്രിവ്യൂ ഷോയ്ക്കിടെ നടൻ മോഹൻലാൽ വികാരാധീനനായി. പ്രിവ്യൂ ഷോയ്ക്ക് പിന്നാലെ ആരാധകരോടും മാധ്യമങ്ങളോടും സംസാരിക്കവെയാണ് താരം വികാരഭരിതനായത്. ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയ, മലയാളികൾക്ക് നിരവധി ഓർമ്മകൾ സമ്മാനിച്ച പല പ്രിയതാരങ്ങളും ഇന്ന് കൂടെയില്ലെന്ന് പറഞ്ഞപ്പോൾ മോഹൻലാലിന്റെ കണ്ണുകൾ നിറഞ്ഞു. തനിക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രത്തിന്റെ സംവിധായകൻ സിബി മലയിലിന് അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. 48 വർഷത്തെ സിനിമാ അഭിനയ ജീവിതത്തിൽ എടുത്തുപറയാവുന്ന ചിത്രങ്ങളിലൊന്നാണ് കിരീടമെന്നും, തന്റെ രണ്ടാമത്തെ ദേശീയ പുരസ്‌കാരവും സിബിയുടെ സിനിമയിലായിരുന്നുവെന്നും മോഹൻലാൽ ഓർമിച്ചു.
ഒരുപാട് പ്രത്യേകതകളുള്ള ഈ നിമിഷത്തിൽ ഒരേസമയം സന്തോഷവും സങ്കടവുമാണ് അനുഭവപ്പെടുന്നതെന്ന് മോഹൻലാൽ പറഞ്ഞു. സ്ക്രീനിൽ കൂടെയുണ്ടായിരുന്ന ഒരുപാട് പേരെ കണ്ടപ്പോൾ പെട്ടെന്ന് 37 വർഷങ്ങൾ പിറകിലേക്ക് സഞ്ചരിച്ചതുപോലെ തോന്നി. ഇങ്ങനെയൊരു സിനിമയെടുക്കാൻ ഇങ്ങനെയുള്ള ആളുകളൊന്നും ഇന്ന് നമ്മുടെ കൂടെയില്ലല്ലോ എന്ന് താൻ സിബിയോട് ചോദിച്ചതായും അതിന്റെ സങ്കടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്നത്തെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇങ്ങനെയൊരു വൈകാരികമായ സിനിമ ചെയ്യാൻ കഴിഞ്ഞത് വലിയ കാര്യമാണ്. ചില സിനിമകൾ കാണുമ്പോൾ കൂടുതൽ ഇമോഷണൽ ആവും, ഈ സിനിമയ്ക്ക് അതിനുള്ള ശേഷി കൂടുതലാണെന്ന് വ്യക്തമാക്കിയ താരം ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഓർക്കുന്നതായും നന്ദി പറയുന്നതായും അറിയിച്ചു.

1989-ൽ പുറത്തിറങ്ങിയ ലോഹിതദാസ് – സിബി മലയിൽ ടീമിന്റെ ‘കിരീടം’ വെള്ളിയാഴ്ച വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. ഡോൾബി അറ്റ്‌മോസിൽ 4K ദൃശ്യമികവിലാണ് ചിത്രം റീ-റിലീസിന് ഒരുങ്ങുന്നത്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ സേതുമാധവനെയാണ് ചിത്രം അടയാളപ്പെടുത്തിയത്. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി (NFDC) സഹകരിച്ച് സെവൻ ആർട്‌സ് ഇന്റർനാഷണൽ ലിമിറ്റഡ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് ചിത്രം നിർമിച്ചത്.
തിലകൻ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിൻ ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹൻരാജ് (കീരിക്കാടൻ ജോസ്), കുണ്ടറ ജോണി, കനകലത എന്നീ അന്തരിച്ച പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. ജഗതി ശ്രീകുമാർ, ജഗദീഷ്, പാർവതി, മണിയൻപിള്ള രാജു, ഉഷ, യദു കൃഷ്ണൻ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവച്ച സിനിമയുടെ ഛായാഗ്രാഹണം നിർവഹിച്ചത് എസ്. കുമാറാണ്. എൽ. ഭൂമിനാഥൻ ആണ് ചിത്രസംയോജകൻ. കൈതപ്രത്തിന്റെ വരികൾക്ക് അന്തരിച്ച പ്രശസ്ത സംഗീതസംവിധായകൻ ജോൺസൺ ആണ് ഈണം പകർന്നിരിക്കുന്നത്.
വേലപ്പൻ (മേക്കപ്പ്), സി.കെ സുരേഷ് (ആർട്ട്), കെ.ആർ ഷൺമുഖം (പ്രൊഡക്ഷൻ കൺട്രോളർ), നാഗരാജ് (കോസ്റ്റ്യൂംസ്), രംഗ (കളറിസ്റ്റ്), വിജയലക്ഷ്മി മോഹൻദാസ് (കോർഡിനേറ്റർ), ബോണി അസനാർ (ക്രിയേറ്റീവ് വിഷനറി ഹെഡ്), ഹരി നാരായണൻ (അറ്റ്മോസ് മിക്സിംഗ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. NFDC- NFAI റീസ്റ്റോറേഷനും, പ്രസാദ് കോർപ്പ്, ഹൈ സ്റ്റുഡിയോസ് എന്നിവർ 4K റീമാസ്റ്ററിങ്ങും നിർവഹിച്ചു. ഡോൺ മാക്സ് (ട്രെയ്ലർ കട്സ്), ഹൈസ്സിൻ ഗ്ലോബൽ വെഞ്ചേഴ്സ് (മാർക്കറ്റിങ് & ഡിസ്ട്രിബ്യൂഷൻ), അർജ്ജുൻ, ഹൈ സ്റ്റുഡിയോസ്, സൂരജ് സൂരൻ (ഡിസൈൻസ്), സുകുമാരൻ (സ്റ്റിൽസ്), പി.ശിവപ്രസാദ് (പി.ആർ.ഓ) എന്നിവരും ഈ ദൃശ്യവിരുന്നിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.

