ഇന്ധനികുതി ഇളവ് അവസാനിക്കുന്നു;പെട്രോൾ ഡീസൽ വില കുത്തനെ ഉയർന്നേക്കും, മുന്നറിയിപ്പുമായി ഊർജ്ജ മന്ത്രി

കാൻബറ: ഇന്ധനികുതിയിൽ നൽകിയിരുന്ന താത്കാലിക ഇളവ് അവസാനിക്കുന്നതോടെ വരും ദിവസങ്ങളിൽ ഓസ്‌ട്രേലിയയിൽ ഇന്ധനവില കുത്തനെ ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. പെട്രോൾ വില ലിറ്ററിന് 2 ഡോളറും ഡീസൽ വില 2.40 ഡോളറും കടന്നേക്കുമെന്നാണ് വിലയിരുത്തൽ. ഇന്ധനക്കമ്പനികൾക്ക് നൽകിയിരുന്ന ലിറ്ററിന് 16 സെന്റ് ഇളവ് ഓഗസ്റ്റ് 3 ഞായറാഴ്ചയോടെ അവസാനിക്കുന്നതോടെ മൊത്തവ്യാപാര വിലയിൽ ഈ വർദ്ധനവ് പ്രതിഫലിക്കും. ഇതോടെ 55 ലിറ്റർ ശേഷിയുള്ള ഒരു വാഹനം പൂർണ്ണമായി ഇന്ധനം നിറയ്ക്കാൻ 8.80 ഡോളർ അധികം ചെലവാകും.

മാർച്ചിൽ ഇന്ധനവില ഉയർന്നപ്പോൾ പ്രഖ്യാപിച്ച 32 സെന്റ് ഇളവ് ജൂലൈയിൽ 16 സെന്റായി കുറച്ചിരുന്നു. സർക്കാരിന്റെ ജീവിതച്ചെലവ് ആശ്വാസ പദ്ധതി നീട്ടില്ലെന്നും തീരുമാനം വ്യക്തമാണെന്നും ഊർജ്ജ മന്ത്രി ക്രിസ് ബോവൻ അറിയിച്ചു. ഇന്ധനക്കമ്പനികൾ പുതിയ നികുതി നിരക്കുകൾ റീട്ടെയ്ൽ വിലയിലേക്ക് മാറ്റാൻ സാധാരണയായി നാലോ അതിലധികമോ ദിവസങ്ങൾ എടുത്തേക്കുമെന്ന് ആർഗസ് മീഡിയയിലെ മുതിർന്ന അനലിസ്റ്റ് ടോം വുഡ്‌ലോക്ക് വ്യക്തമാക്കി.

അതേസമയം, ജൂലൈ പകുതിയോടെ അമേരിക്ക ഇറാനിൽ വീണ്ടും ആക്രമണം നടത്തിയതിനെ തുടർന്ന് ഉണ്ടായ ആഗോള എണ്ണവില വർദ്ധനവ് റീട്ടെയ്ൽ വ്യാപാരികൾ ഇതിനോടകം ഉപഭോക്താക്കളിലേക്ക് എത്തിച്ചു തുടങ്ങിയിട്ടുണ്ട്. മോട്ടോർമൗത്ത് നൽകുന്ന വിവരമനുസരിച്ച് ക്യാൻബറയിൽ പെട്രോൾ വില ലിറ്ററിന് 205.6 സെന്റും ഡാർവിനിൽ 204.4 സെന്റും ഹോബാർട്ടിൽ 200.5 സെന്റും തൊട്ടു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പെട്രോൾ വില 190 സെന്റിന് മുകളിലാണ്. ഡീസൽ വില മെൽബണിൽ 242.7 സെന്റും ക്യാൻബറയിൽ 244.4 സെന്റും ഡാർവിനിൽ 244.1 സെന്റും ഹോബാർട്ടിൽ 241.8 സെന്റുമായി ഉയർന്നു. പെർത്ത് ഒഴികെയുള്ള മറ്റെല്ലാ നഗരങ്ങളിലും ഡീസൽ വില 235 സെന്റിന് മുകളിലാണ്.

മധ്യപൂർവേഷ്യയിലെ സംഘർഷത്തെ തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ വില ജൂലൈ 2-ലെ 70 ഡോളറിൽ നിന്ന് 90 ഡോളറിലേക്ക് ഉയർന്നു. സംഘർഷം തുടർന്നാൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിലേക്ക് എത്താമെന്നും, അങ്ങനെ വന്നാൽ പെട്രോൾ 250 സെന്റും ഡീസൽ 300 സെന്റും കടന്നേക്കാമെന്നും സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. നികുതി ഇളവ് നിർത്തലാക്കുന്നത് രാജ്യത്തെ നാണയപ്പെരുപ്പം വീണ്ടും ഉയർത്തുമെന്നും ശരാശരി ഒരു കുടുംബത്തിന്റെ ആഴ്ചതോറുമുള്ള ഇന്ധനച്ചെലവിൽ 20 ഡോളറോളം വർദ്ധനവുണ്ടാക്കുമെന്നും എഎംപി ചീഫ് ഇക്കണോമിസ്റ്റ് ഷെയ്ൻ ഒലിവർ അഭിപ്രായപ്പെട്ടു.

എന്നാൽ പരിഭ്രാന്തി കാരണം ആളുകൾ കൂട്ടത്തോടെ ഇന്ധനം നിറയ്ക്കേണ്ടതില്ലെന്ന് മന്ത്രി ക്രിസ് ബോവൻ അഭ്യർത്ഥിച്ചു. രാജ്യത്ത് നിലവിൽ 43 ദിവസത്തേക്കുള്ള പെട്രോളും 39 ദിവസത്തേക്കുള്ള ഡീസലും 34 ദിവസത്തേക്കുള്ള ജെറ്റ് ഫ്യുവൽ ശേഖരവുമുണ്ട്. കൂടാതെ, 3.1 ബില്യൺ ലിറ്റർ ഇന്ധനവുമായി 44 കപ്പലുകൾ അടുത്ത മാസങ്ങളിൽ രാജ്യത്തേക്ക് എത്തുന്നുണ്ടെന്നും ഒക്ടോബർ വരെയുള്ള ഓർഡറുകൾ സുരക്ഷിതമാണെന്നും അന്താരാഷ്ട്ര പ്രതിസന്ധികൾ ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ധന വരവിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *