ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി ബാലിസ്റ്റിക് മിസൈലുകളുടെ നിർമാണത്തിൽ സ്വകാര്യ കമ്പനികൾക്കും അവസരം നൽകാനുള്ള നീക്കം കേന്ദ്ര സർക്കാർ പരിഗണനയിൽ. പ്രതിരോധ ഉൽപ്പാദന രംഗത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശം ആലോചിക്കുന്നത്.
പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (CII) വാർഷിക ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ തരത്തിലുള്ള ബാലിസ്റ്റിക് മിസൈലുകളുടെ സാങ്കേതികവിദ്യ സ്വകാര്യ മേഖലയിലേക്ക് കൈമാറാനുള്ള സന്നദ്ധത സർക്കാർ പ്രകടിപ്പിച്ചിട്ടുണ്ടെന്നും, ഈ മേഖലയിലും സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാൻ നടപടികൾ ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ബാലിസ്റ്റിക് മിസൈൽ നിർമാണം പ്രധാനമായും പൊതുമേഖലാ പ്രതിരോധ സ്ഥാപനങ്ങൾക്കാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. പുതിയ പ്രതിരോധ ഏറ്റെടുക്കൽ നടപടിക്രമമായ (DAP 2026) കരടിന്റെ ഭാഗമായി പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും തുല്യ അവസരം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം ആലോചിക്കുന്നത്. ഇതിലൂടെ ആഭ്യന്തര പ്രതിരോധ ഉൽപ്പാദനവും കയറ്റുമതിയും കൂടുതൽ ശക്തിപ്പെടുത്താനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

