ഇറാനെതിരായ നാവിക ഉപരോധം വീണ്ടും നടപ്പാക്കി അമേരിക്ക; കപ്പലുകൾക്ക് മുന്നറിയിപ്പ്

ദുബായ്:ഇറാനെതിരായ നാവിക ഉപരോധം വീണ്ടും കർശനമായി നടപ്പാക്കുന്നതായി അമേരിക്ക പ്രഖ്യാപിച്ചു. ജൂലൈ 14 മുതൽ ഇറാനിലെ എല്ലാ തുറമുഖങ്ങളിലേക്കും അവിടെ നിന്ന് പുറപ്പെടുന്ന കപ്പലുകൾക്കും ഉപരോധം ബാധകമായിരിക്കുമെന്ന് അമേരിക്കൻ നാവികസേനയുടെ സംയുക്ത സമുദ്ര വിവരകേന്ദ്രം (JMIC) അറിയിച്ചു. അനുമതിയില്ലാതെ ഉപരോധ മേഖലയിൽ പ്രവേശിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുന്ന കപ്പലുകൾ തടയുകയോ വഴിതിരിച്ചുവിടുകയോ പിടിച്ചെടുക്കുകയോ ചെയ്യാമെന്നും ആവശ്യമായാൽ ബലം പ്രയോഗിക്കുമെന്നും മുന്നറിയിപ്പ് നൽകി. അതേസമയം, ഇറാനുമായി ബന്ധമില്ലാത്ത രാജ്യങ്ങളിലേക്കുള്ള ഹോർമുസ് കടലിടുക്കിലൂടെയുള്ള സാധാരണ കപ്പൽഗതാഗതം തടസ്സപ്പെടുത്തില്ലെന്നും അമേരിക്ക വ്യക്തമാക്കി.

ഇറാനെതിരായ സൈനിക നടപടികളും ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള സംഘർഷവും ശക്തമായ സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ തീരുമാനം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപരോധം വീണ്ടും നടപ്പാക്കുന്നതായി പ്രഖ്യാപിക്കുകയും സമുദ്രസുരക്ഷ ശക്തമാക്കുമെന്നും അറിയിക്കുകയും ചെയ്തു.

അമേരിക്കയുടെ നടപടി അന്താരാഷ്ട്ര സമുദ്രനിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ഇറാൻ വിമർശിച്ചു. മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയും ഇതിനിടെ ഉയർന്നിട്ടുണ്ട്. അമേരിക്ക–ഇറാൻ ഏറ്റുമുട്ടൽ ശക്തമായതോടെ ആഗോള എണ്ണവിലയിലും കപ്പൽഗതാഗതത്തിലും അനിശ്ചിതത്വം വർധിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *