അസ്താന: ഇന്ത്യൻ വംശജനായ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യത്തിനായി യാത്രതിരിക്കും. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ സോയൂസ് എംഎസ്-29 പേടകത്തിലാണ് റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവും അന്ന കികിനയും ഒപ്പമുള്ള യാത്ര. കസാക്കിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 8.17-നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലവുമായി കുടുംബവേരുകളുള്ള 49-കാരനായ അനിൽ മേനോൻ നാസയിലെ ബഹിരാകാശ യാത്രികനും ഡോക്ടറും മുൻ സൈനിക ഉദ്യോഗസ്ഥനുമാണ്. വിക്ഷേപണത്തിന് ശേഷം ഏകദേശം മൂന്ന് മണിക്കൂർ നീളുന്ന യാത്രയ്ക്കൊടുവിൽ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യും.
നാസയുടെ എക്സ്പെഡിഷൻ 74/75 ദൗത്യത്തിന്റെ ഭാഗമായി എട്ടുമാസത്തോളം ബഹിരാകാശ നിലയത്തിൽ കഴിയുന്ന അനിൽ മേനോൻ, ദീർഘകാല ബഹിരാകാശ യാത്ര മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, മൈക്രോഗ്രാവിറ്റിയുടെ സ്വാധീനം, രക്തയോട്ടം, നാഡീവ്യൂഹം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകും. ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് ഐ.വി. ദ്രാവകങ്ങൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓഗ്മെന്റഡ് റിയാലിറ്റിയും ഉപയോഗിച്ചുള്ള അൾട്രാസൗണ്ട് പരിശോധനകളും ദൗത്യത്തിന്റെ ഭാഗമാണ്.
2014-ൽ നാസയിൽ ഫ്ലൈറ്റ് സർജനായി ചേർന്ന അനിൽ മേനോൻ പിന്നീട് സ്പേസ് എക്സിലും പ്രവർത്തിച്ചു. ചന്ദ്ര-ചൊവ്വ ദൗത്യങ്ങൾക്കായുള്ള സ്റ്റാർഷിപ്പ് പദ്ധതിയിലും പങ്കാളിയായ അദ്ദേഹം 2021-ലാണ് നാസയുടെ ബഹിരാകാശ യാത്രികനായി തിരഞ്ഞെടുക്കപ്പെട്ടത്. 2027 ഏപ്രിലിൽ ഭൂമിയിലേക്ക് മടങ്ങിയെത്താനാണ് നിലവിലെ പദ്ധതി.

