വാഷിംഗ്ടൺ: ഇറാനിലെ നതാൻസ് ആണവകേന്ദ്രത്തിന് സമീപമുള്ള ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള ഭൂഗർഭ ആണവസൗകര്യമായ ‘പിക്കാക്സ് മൗണ്ടൻ’ ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. റേഡിയോ അവതാരകൻ ഹ്യൂ ഹ്യൂവിറ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്. ഇറാന്റെ ആണവപരിപാടി തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള ബങ്കർ-ബസ്റ്റർ ബോംബുകൾക്കും എളുപ്പത്തിൽ തകർക്കാനാകാത്തവിധം മലനിരകൾക്കടിയിൽ നിർമ്മിച്ച കേന്ദ്രമായാണ് ‘പിക്കാക്സ് മൗണ്ടൻ’ വിലയിരുത്തപ്പെടുന്നത്. ഈ കേന്ദ്രം അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ സമയത്ത് ആക്രമണം നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, ഹോർമുസ് കടലിടുക്കിലെ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇറാനെതിരായ സൈനികവും സാമ്പത്തികവുമായ സമ്മർദം അമേരിക്ക കൂടുതൽ ശക്തമാക്കുകയാണ്. ഇറാനെതിരായ നാവിക ഉപരോധം വീണ്ടും നടപ്പാക്കുമെന്നും മേഖലയിൽ സൈനിക നടപടികൾ തുടരുമെന്നുമാണ് ട്രംപ് അറിയിച്ചത്.

