പിരായിരിയിൽ മികച്ച സൗകര്യങ്ങളോടെ പുതിയ ആശുപത്രി കെട്ടിടം നിർമിക്കും: മന്ത്രി കെ മുരളീധരൻ

പാലക്കാട്: പിരായിരിയിൽ ആവശ്യമായ സ്ഥലം ലഭ്യമാക്കിയാൽ മികച്ച സൗകര്യങ്ങളോടെയുള്ള പുതിയ ആശുപത്രി കെട്ടിടം സർക്കാർ നിർമിച്ചു നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു. നിലവിൽ പിരായിരിയിലെ ആരോഗ്യകേന്ദ്രം സന്ദർശിച്ച മന്ത്രി, അലോപതി, ആയുർവേദം, ഹോമിയോ വിഭാഗങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ കൂടുതൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്ന് വിലയിരുത്തി. ആശുപത്രിയിലെ സംവിധാനങ്ങൾ വികസിക്കുന്നതിന് അനുസരിച്ച് ജീവനക്കാരുടെ വിന്യാസത്തിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും, ഐ.പി സംവിധാനങ്ങൾ ഉൾപ്പെടെ ഇവിടെ ഏർപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാ ആശുപത്രിയിലെ ഒഴിവുള്ള തസ്തികകൾ നികത്താൻ അടിയന്തര നടപടി സ്വീകരിക്കും. നബാർഡിന്റെയും ഇൻകെല്ലിന്റെയും നേതൃത്വത്തിലുള്ള കെട്ടിടനിർമാണം പൂർത്തിയാകുന്നതോടെ ജില്ലാ ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്താൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പകർച്ചവ്യാധി പ്രതിരോധത്തിന് മികച്ച അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി, വിവിധയിടങ്ങളിൽ നിന്നും നീക്കം ചെയ്യുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് സംസ്‌കരണയൂണിറ്റുകൾ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. ആധുനിക സംവിധാനങ്ങൾ നിലവിലുള്ളതിനാൽ ഇത്തരം സംസ്‌കരണ പ്ലാന്റുകൾ ആരംഭിക്കുന്നതിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. കുടുംബശ്രീ, ഹരിതകർമസേന, റെസിഡൻഷ്യൽ അസോസിയേഷനുകൾ തുടങ്ങിയ കൂട്ടായ്മകളുടെ സഹകരണത്തോടെ പകർച്ചവ്യാധി പ്രതിരോധം കൂടുതൽ കാര്യക്ഷമമാക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *