തൃശ്ശൂർ:വടക്കേ ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൊറോക്കോയിലെ മൗണ്ട് ടൂബ്കൽ (4,167 മീറ്റർ) കീഴടക്കി മലയാളി ബാലികയായ എട്ട് വയസ്സുകാരി ഇയ ക്രിഷ് ചരിത്രനേട്ടം സ്വന്തമാക്കി. ഈ കൊടുമുടി കീഴടക്കുന്ന ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന റെക്കോർഡാണ് ഇയ സ്വന്തമാക്കിയിരിക്കുന്നത്.
ജൂലൈ 7-നാണ് സാഹസിക യാത്ര പൂർത്തിയാക്കിയത്. പിതാവ് കൃഷ്ണരാജിന്റെ നേതൃത്വത്തിലും ഗ്രീൻവേ അഡ്വഞ്ചേഴ്സ് ട്രാവലിന്റെ പിന്തുണയിലുമായിരുന്നു ദൗത്യം. കളരിപ്പയറ്റ് പരിശീലനവും സ്ഥിരമായ ട്രെക്കിങ് പരിശീലനവുമാണ് ഈ നേട്ടത്തിന് സഹായകമായതെന്ന് റിപ്പോർട്ടിൽ പറയുന്നു.
മൗണ്ട് ടൂബ്കൽ കീഴടക്കിയ നേട്ടം ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഫുജൈറ റോയൽ പ്രൈവറ്റ് സ്കൂളിലെ വിദ്യാർഥിനിയായ ഇയയുടെ അടുത്ത ലക്ഷ്യങ്ങൾ ആഫ്രിക്കയിലെ കിലിമഞ്ചാരോയും റഷ്യയിലെ മൗണ്ട് എൽബ്രസും കീഴടക്കുന്നതാണ്.

