ദുബായ്: പ്രമുഖ ആഭരണ റീട്ടെയിൽ ശൃംഖലയായ ജോയ്ആലുക്കാസ് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമായ ‘ജുവൽ ഓഫ് ജോയ്’ ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിൽ പ്രവർത്തനസജ്ജമാക്കുന്നു. ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 11 മണിക്ക് യു.എ.ഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയുടെ സാന്നിധ്യത്തിൽ ഷോറൂം ഔദ്യോഗികമായി നാടിന് സമർപ്പിക്കും.
25,000 ചതുരശ്ര അടി വിസ്തൃതിയിൽ വിഭാവനം ചെയ്തിരിക്കുന്ന ‘ജുവൽ ഓഫ് ജോയ്’ കേവലം ഒരു ആഭരണ വിൽപന കേന്ദ്രം എന്നതിലുപരി ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ ആഭരണ അനുഭവം സമ്മാനിക്കുന്ന ഒരു കേന്ദ്രമായാണ് ഒരുക്കിയിരിക്കുന്നത്. യു.എ.ഇയിൽ നാല് പതിറ്റാണ്ടിലേക്ക് അടുക്കുന്ന ജോയ്ആലുക്കാസിന്റെ നാഴികക്കല്ലാകുന്ന ഈ പദ്ധതി ‘സ്വർണ്ണനഗരം’ എന്ന ദുബായിയുടെ പാരമ്പര്യത്തിനുള്ള ആദരം കൂടിയാണ്.
ഏകദേശം 700 ദശലക്ഷം യു.എ.ഇ ദിർഹം (AED 700 Million) മൂല്യമുള്ള ആഭരണ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത സ്വർണാഭരണങ്ങൾ, വിവാഹ ആഭരണ സെറ്റുകൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള വജ്രാഭരണങ്ങൾ, അത്യപൂർവ രത്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെയുണ്ടാകും. ഉപഭോക്താക്കൾക്ക് നടന്നു കാണാൻ സാധിക്കുന്ന കൂറ്റൻ വളയുടെ മാതൃകയിലുള്ള ‘ദി റോയൽ ബാങ്കിൾ വാക്ക്’ (The Royal Bangle Walk) എന്ന ഇൻസ്റ്റലേഷനാണ് ഷോറൂമിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.
ഉപഭോക്താക്കൾക്കായി നാല് വ്യത്യസ്ത സൗകര്യങ്ങളാണ് ഈ അനുഭവ കേന്ദ്രത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. വ്യക്തിഗത നിർദ്ദേശങ്ങളും പ്രത്യേക ഡിസൈനുകളും ഒരുക്കുന്ന ‘എക്സ്ക്ലൂസീവ് ഡിസൈനർ സ്റ്റുഡിയോ’, സ്വകാര്യവും മികച്ചതുമായ ഷോപ്പിംഗ് അനുഭവം നൽകുന്ന ‘പ്രീമിയം വി.ഐ.പി ലോഞ്ച്’, കുടുംബത്തോടൊപ്പം എത്തുന്ന കുട്ടികൾക്കായി ‘കിഡ്സ് എൻഗേജ്മെന്റ് സോൺ’, ആഭരണങ്ങളുടെ അറ്റകുറ്റപ്പണികൾക്കും പരിചരണത്തിനുമായി ‘ഡെഡിക്കേറ്റഡ് മെയിന്റനൻസ് സർവീസസ്’ എന്നിവയാണ് ഇവിടെയുള്ളത്.
‘ജുവൽ ഓഫ് ജോയ്’ വെറുമൊരു ഷോറൂം മാത്രമല്ലെന്നും, തങ്ങൾക്ക് മികച്ച പിന്തുണ നൽകിയ നഗരത്തോടുള്ള ആദരവും ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചത് നൽകാനുള്ള പ്രതിബദ്ധതയുമാണെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് വ്യക്തമാക്കി. യു.എ.ഇയുടെ വളർച്ചയ്ക്കൊപ്പം കഴിഞ്ഞ 40 വർഷത്തോളമായി ഒപ്പമുണ്ടെന്നും, ദുബായിയുടെയും ജോയ്ആലുക്കാസിന്റെയും മികവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്നതായിരിക്കും ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് പതിറ്റാണ്ടിലധികം പാരമ്പര്യമുള്ള ജോയ്ആലുക്കാസിന് ലോകമെമ്പാടുമായി ഒരു കോടിയിലധികം ഉപഭോക്താക്കളുടെ പിന്തുണയുണ്ട്. നാല് ഭൂഖണ്ഡങ്ങളിലെ 13 രാജ്യങ്ങളിലായി 200-ലധികം ഷോറൂമുകളും പതിനായിരത്തിലധികം ജീവനക്കാരുമുള്ള ഗ്രൂപ്പിന് കീഴിൽ ജ്വല്ലറിക്ക് പുറമെ ഫാഷൻ & സിൽക്സ്, മണി എക്സ്ചേഞ്ച്, മാളുകൾ എന്നിവയും പ്രവർത്തിക്കുന്നുണ്ട്.

