തിരുവനന്തപുരം മെട്രോ: ഡിപിആർ സംസ്ഥാന സർക്കാരിന് കൈമാറാൻ ഒരുങ്ങുന്നു; 31 കിലോമീറ്റർ പാതയിൽ 27 സ്റ്റേഷനുകൾ

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (DPR) തയ്യാറായതായി റിപ്പോർട്ട്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) തയ്യാറാക്കിയ ഡിപിആർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (KMRL) കൈമാറും. തുടർന്ന് രണ്ടാഴ്ചയ്ക്കകം കെഎംആർഎൽ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്നാണ് വിവരം. മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം കേന്ദ്രസർക്കാരിന്റെ അനുമതിക്കായി പദ്ധതി സമർപ്പിക്കും.

പുതുക്കിയ അലൈൻമെന്റനുസരിച്ച് ഒന്നാംഘട്ട മെട്രോ പാതയ്ക്ക് 31 കിലോമീറ്റർ ദൈർഘ്യമുണ്ടാകും. പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെയാണ് പാത. ആകെ 27 സ്റ്റേഷനുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതി ചെലവ് ഏകദേശം 8,000 കോടി രൂപയെന്നാണ് കണക്കാക്കുന്നത്.

ആദ്യഘട്ട അലൈൻമെന്റിൽ മാറ്റം വരുത്തിയാണ് പുതിയ ഡിപിആർ തയ്യാറാക്കിയിരിക്കുന്നത്. മുമ്പ് പട്ടം–ഉള്ളൂർ ഭാഗം കേശവദാസപുരം വഴിയായിരുന്നു നിർദേശിച്ചിരുന്നത്. പുതുക്കിയ പദ്ധതിയിൽ ഈ ഭാഗം മെഡിക്കൽ കോളേജ് വഴിയാകും കടന്നുപോകുക. ഇതോടെ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങൾ മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കപ്പെടും.

സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും പദ്ധതി അംഗീകരിച്ച ശേഷമാകും ധനവിഹിതം, നിർമാണ നടപടികൾ, ഭൂമിയേറ്റെടുക്കൽ എന്നിവ സംബന്ധിച്ച തുടർനടപടികൾ ആരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *