പിറവം: മൂവാറ്റുപുഴയാറിലെ ഓളപ്പരപ്പിൽ ആവേശം വിതറിയ പിറവം ചാമ്പ്യൻസ് ബോട്ട് ലീഗ് 2026 മത്സരങ്ങൾക്ക് സമാപനമായി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഒന്നാം സ്ഥാനം നേടി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ കിരീടം സ്വന്തമാക്കി മൂവാറ്റുപുഴയാറിന്റെ ജലരാജാവായി മാറി. തുഴയെറിഞ്ഞ് കടുത്ത വെല്ലുവിളി ഉയർത്തിയ ആരോമ ബോട്ട് ക്ലബ്ബ് പറവൂർ കൊല്ലത്തിന്റെ ആരോമ 1 ചുണ്ടൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
അതിവേഗ ഫിനിഷിംഗിന് സാക്ഷ്യം വഹിച്ച മത്സരത്തിൽ മൂന്നു മിനിറ്റ് 26.26 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മേൽപ്പാടം ചുണ്ടൻ ഒന്നാമതെത്തിയത്. തൊട്ടുപിന്നാലെ മൂന്നു മിനിറ്റ് 26.32 സെക്കൻഡിൽ ഫിനിഷിംഗ് പോയിന്റിലെത്തിയാണ് ആരോമ 1 ചുണ്ടൻ രണ്ടാം സ്ഥാനം ഉറപ്പിച്ചത്.

ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ പിറവം ചാമ്പ്യൻസ് ബോട്ട് ക്ലബ്ബിന്റെ ഗരുഡൻ ഒന്നാം സ്ഥാനവും കിംഗ്സ് ബോട്ട് ക്ലബ്ബിന്റെ സെന്റ് സെബാസ്റ്റ്യൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഈ വിഭാഗത്തിലെ ലൂസേഴ്സ് ഫൈനലിൽ പിറവം ആർ.കെ ടീമിന്റെ താണിയൻ ഒന്നാമതും പിറവം ബോട്ട് ക്ലബ്ബിന്റെ പുത്തൻപറമ്പിൽ രണ്ടാമതുമെത്തി.
മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, മുൻ മന്ത്രി ടി.എം. ജേക്കബ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി അന്തർജനം എന്നിവരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള എവറോളിംഗ് ട്രോഫി വിജയികളായ മേൽപ്പാടം ചുണ്ടൻ ടീം അംഗങ്ങൾക്ക് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് സമ്മാനിച്ചു.

