ശ്രദ്ധേയമായി കാർഷിക പ്രദർശന വിപണന മേള

തിരുവനന്തപുരം: കാർഷിക ഗവേഷണ സ്ഥാപനങ്ങളെയും കർഷകരെയും പരസ്പരം ബന്ധിപ്പിച്ച് നൂതന കാർഷിക സാങ്കേതികവിദ്യകളും ശാസ്ത്രീയ കൃഷി രീതികളും കർഷകരിലേക്ക് എത്തിക്കുന്നതിനായി ‘ആത്മ’ സംഘടിപ്പിച്ച കാർഷിക പ്രദർശന വിപണന മേള സിവിൽ സ്റ്റേഷനിൽ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.

മേളയുടെ ഭാഗമായി സജ്ജീകരിച്ചിരുന്ന വിവിധ സ്റ്റാളുകൾ സന്ദർശിച്ച മന്ത്രി, കർഷകർ ഒരുക്കിയ നൂതന കൃഷിരീതികളും ഉൽപ്പന്നങ്ങളും നേരിട്ട് കണ്ട് വിലയിരുത്തി. അമ്പൂരിയിലെ ആദിവാസി ഗോത്ര സമൂഹത്തിന്റെ പരമ്പരാഗത കാർഷിക വിഭവങ്ങൾ അണിനിരത്തിയ സ്റ്റാളായിരുന്നു മേളയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ആധുനിക ആശയങ്ങൾക്കൊപ്പം തന്നെ പരമ്പരാഗത കൃഷിരീതികളെയും സർക്കാർ പ്രത്യേക മിഷനിലൂടെ സംരക്ഷിക്കുമെന്ന് മന്ത്രി ഉദ്ഘാടന വേളയിൽ ഉറപ്പ് നൽകി.

ജില്ലയിലെ 11 ബ്ലോക്കുകളിൽ നിന്നുള്ള കാർഷിക സ്റ്റാളുകളാണ് മേളയിൽ മാറ്റുരച്ചത്. ഇതിനുപുറമേ, വെള്ളായണി കാർഷിക കോളേജിന്റെയും ഐ.സി.എ.ആർ. തിരുവനന്തപുരം കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെയും നൂതന കാർഷിക സാങ്കേതികവിദ്യകളുടെ വിപുലമായ പ്രദർശനവും ഒരുക്കിയിരുന്നു. വിളകളിലെ രോഗ-കീടബാധകൾ കണ്ടെത്താനും അവയ്ക്ക് കൃത്യമായ ശാസ്ത്രീയ പരിഹാരങ്ങൾ നിർദ്ദേശിക്കാനുമായി സജ്ജീകരിച്ച ‘വിള ആരോഗ്യ ക്ലിനിക്കും’ സന്ദർശകർക്ക് പുതിയൊരു അനുഭവമായി മാറി.

ശുദ്ധമായ തേൻ, വിവിധയിനം അച്ചാറുകൾ, ചിപ്‌സുകൾ, വിത്തിനങ്ങൾ, കൂൺ, ചെടികൾ, വൃക്ഷത്തൈകൾ, അരിയിനങ്ങൾ, ചോളം, ധാന്യപ്പൊടികൾ തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ സ്റ്റാളുകളിൽ ലഭ്യമായിരുന്നു. നിലവിൽ പ്രദർശന മേള അവസാനിച്ചെങ്കിലും, ഇതിന്റെ തുടർച്ചയായി ഈ മാസം 16, 17 തീയതികളിൽ കർഷക ശാസ്ത്രജ്ഞ മുഖാമുഖം പരിപാടി കളക്ടറേറ്റിൽ വെച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *