ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകളിലും കോളേജുകളിലും ലൈംഗിക വിദ്യാഭ്യാസം (Sex Education) പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനും പ്രായപൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന ശാരീരിക-മാനസിക മാറ്റങ്ങളെക്കുറിച്ച് ശരിയായ അവബോധം നൽകുന്നതിനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം.
സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ ഔദ്യോഗികമായി അറിയിച്ചു. സുപ്രീം കോടതിയുടെ അന്തിമ അനുമതി ലഭിച്ചാലുടൻ രാജ്യത്തുടനീളം ഈ ഏകീകൃത പദ്ധതി നടപ്പിലാക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് കേന്ദ്ര സർക്കാർ ഈ നിർണായക നിലപാട് വ്യക്തമാക്കിയത്.

