ദുബായ്: ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം ശക്തമാക്കി. ഇറേനിയൻ സൈന്യത്തിന്റെ 388-ാം മെക്കനൈസ്ഡ് ഇൻഫൻട്രി ബ്രിഗേഡിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടു. സമീപ ദിവസങ്ങളിലുണ്ടായ യുഎസ് ആക്രമണങ്ങളിൽ ഇറാനിൽ മരിച്ചവരുടെ എണ്ണം 35 ആയി. ചൊവ്വാഴ്ച രാത്രി മാത്രം 300-ലേറെ പേർക്ക് പരിക്കേറ്റതായി ഇറേനിയൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്ച രാത്രി ഏഴ് മണിക്കൂറോളം നീണ്ടുനിന്ന വ്യോമാക്രമണത്തിൽ തീരപ്രതിരോധ സംവിധാനങ്ങൾ, ക്രൂസ് മിസൈൽ കേന്ദ്രങ്ങൾ എന്നിവയാണ് അമേരിക്ക ലക്ഷ്യമിട്ടത്. ബുധനാഴ്ച പകലും ആക്രമണം തുടർന്നു.
അതേസമയം, കുവൈത്ത്, ബഹ്റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ അറിയിച്ചു. മൂന്ന് ഇറേനിയൻ മിസൈലുകൾ വെടിവച്ചിട്ടതായി ജോർദാൻ സ്ഥിരീകരിച്ചു.
ഹോർമുസ് കടലിടുക്കിലേക്കുള്ള നാവിക ഉപരോധം അമേരിക്ക വീണ്ടും ഏർപ്പെടുത്തി. നേരത്തെ പ്രഖ്യാപിച്ച ഇടക്കാല വെടിനിർത്തലിനെ തുടർന്ന് ഏപ്രിലിൽ ഈ ഉപരോധം പിൻവലിച്ചിരുന്നു.
അടുത്തയാഴ്ച സമാധാന ചർച്ചകൾ പുനരാരംഭിച്ചില്ലെങ്കിൽ രണ്ട് ദിവസത്തിനകം ഇറാനിലെ പാലങ്ങളും ഊർജ കേന്ദ്രങ്ങളും ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്കിന് പുറമേ പശ്ചിമേഷ്യയിലെ മറ്റ് പ്രധാന എണ്ണക്കടത്ത് പാതകളും അടച്ചുപൂട്ടുമെന്ന് ഇറാന്റെ റവലൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി.
സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 85 ഡോളറിലെത്തി. ഹോർമുസ് കടലിടുക്കിലെ ഗ്രേറ്റർ ടുൻബ് ദ്വീപിലെ ഇറേനിയൻ പ്രതിരോധ, മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടും യുഎസ് വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

